ഡോണാൾഡ് ട്രംപ് യു.എൻ പൊതുസഭയിൽ
ന്യൂയോർക്: മുൻനിര യു.എൻ ഉദ്യോഗസ്ഥരെയും 150 രാഷ്ട്രങ്ങളുടെ തലവന്മാരെയും മുന്നിലിരുത്തി ഐക്യരാഷ്ട്ര സഭക്കെതിരെ ആഞ്ഞടിച്ചും സ്വന്തം രാജ്യത്തിന്റെ മഹത്വം പാടിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അർഥശൂന്യമായ വാക്കുകൾ മാത്രമാണ് യു.എൻ എന്നും ഇത്തരം വാക്കുകൾക്ക് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞ ട്രംപ്, വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ലോകത്തെ ഏറ്റവും മികച്ച രാജ്യമാണ് യു.എസെന്നും അവകാശപ്പെട്ടു. തന്റെ ആദ്യ ഊഴത്തിലേതിനേക്കാൾ വലുതും മികച്ചതുമാണ് യു.എസിന്റെ നിലവിലെ സമ്പദ്വ്യവസ്ഥയെന്നും കൂട്ടിച്ചേർത്തു.
യു.എൻ വേദിയിൽ ഇത്തരം വീരവാദങ്ങൾക്കെതിരെ മറ്റു രാജ്യങ്ങൾ രംഗത്തുവരാറുള്ളതാണ്. കഴിഞ്ഞ ദിവസം ബ്രിട്ടൻ സന്ദർശനത്തിനിടെയും ട്രംപ് ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡനെയും മറ്റു രാഷ്ട്രത്തലവന്മാരെയും പലതവണ അപഹസിക്കാനും യു.എൻ വേദി ട്രംപ് ഉപയോഗിച്ചു.
യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിൽ പ്രധാന ഫണ്ട് ദാതാക്കൾ ഇന്ത്യയും ചൈനയുമാണെന്ന് ആവർത്തിക്കാനും ട്രംപ് മറന്നില്ല.
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നതിന്റെ പേരിൽ ഇന്ത്യക്കുമേൽ 25 ശതമാനം അധിക തീരുവ ചുമത്തിയത് അടുത്തിടെയായിരുന്നു. ഇന്ത്യ-പാക് യുദ്ധമടക്കം ഏഴ് യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചതായും ട്രംപ് പറഞ്ഞു.
കംബോഡിയ, തായ്ലൻഡ്, കൊസോവോ, സെർബിയ, കോംഗോ, റുവാണ്ട എന്നിവിടങ്ങളിൽ മാത്രമല്ല, ഈജിപ്ത്- ഇത്യോപ്യ, അർമീനിയ- അസർബൈജാൻ യുദ്ധങ്ങളും താൻ അവസാനിപ്പിച്ചതായാണ് അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.