ന്യൂയോർക്: ഇന്ത്യയിൽ മോദിവിരുദ്ധ പക്ഷം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ 2.1 കോടി ഡോളർ സന്നദ്ധ സംഘടനയായ ‘യു.എസ് എയ്ഡ്’ വഴി നൽകിയയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇന്ത്യയിൽ ജനാധിപത്യ പ്രക്രിയ കൂടുതൽ ശക്തമാക്കുന്നതിനും വോട്ടുശതമാനം വർധിപ്പിക്കുന്നതിനും നേരത്തെ യു.എസ് എയ്ഡ് വഴി രാജ്യത്ത് 2.1 കോടി ഡോളർ ചെലവഴിച്ചിരുന്നു. ഇത് ‘മറ്റുള്ളവർ തെരഞ്ഞെടുക്കപ്പെടാനാ’യുള്ള ബൈഡന്റെ കളിയെന്നാണ് വ്യാഴാഴ്ച മിയാമിയിൽ നടന്ന എഫ്.ഐ.ഐ പ്രിയോറിറ്റി ഉച്ചകോടിയിൽ അദ്ദേഹം ആരോപിച്ചത്. മുമ്പും ഇതേ വിഷയം ട്രംപ് ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച, ഗവൺമെന്റ് എഫിഷ്യൻസ് ഡിപ്പാർട്മെന്റ് യോഗത്തിൽ ഇലോൺ മസ്ക് ഇന്ത്യക്ക് യു.എസ് എയ്ഡ് പണം നൽകിയ കാര്യം പരാമർശിച്ചപ്പോഴും ട്രംപ് അതിനെ ചോദ്യം ചെയ്തിരുന്നു. ‘എന്തിനാണ് 2.1 കോടി ഡോളർ ഇന്ത്യക്കായി ചെലവഴിക്കുന്നത്? ഞാൻ വിചാരിക്കുന്നത് മറ്റാരെങ്കിലും അവിടെ തെരഞ്ഞെടുക്കപ്പെടാൻ ബൈഡൻ ശ്രമിച്ചൂവെന്നാണ്. ബംഗ്ലാദേശിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്താൻ 2.9 കോടി ഡോളറും ഇതേ പോലെ നൽകിയിട്ടുണ്ട്. ഏഷ്യക്കാർ കാര്യങ്ങൾ നന്നായി ചെയ്യുന്നുണ്ട്. അവർക്കായി നമ്മൾ പണം ചെലവഴിക്കേണ്ട കാര്യമില്ല ’’-ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.