തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി എട്ടിൽ അഞ്ചു യുദ്ധങ്ങളും ഇല്ലാതാക്കിയതായി ട്രംപ്

വാഷിങ്ടൺ:  താൻ നേരിട്ട് ഇടപെട്ട് ലോകത്തെ അഞ്ചു യുദ്ധങ്ങൾ ഇല്ലാതാക്കിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണി മുഴക്കി എട്ടു യുദ്ധങ്ങളിൽ അഞ്ചെണ്ണം താൻ ഇടപെട്ട് ഇല്ലാതാക്കിയെന്നാണ് ട്രംപിന്റെ അവകാശ വാദം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് തീരുവകളുടെ രൂപത്തിൽ യു.എസ് ട്രില്യൺ കണക്കിന് ഡോളർ സ്വീകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അത് അമേരിക്കൻ സമ്പദ്‍വ്യവസ്ഥക്ക് ഏറെ ഗുണം ചെയ്യുകയുമുണ്ടായി.

തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കൂടിയായിരുന്നു ​ട്രംപിന്റെ അവകാശവാദം.

ട്രില്യൻ ഡോളറുകളുടെ തീരുവകളും നിക്ഷേപങ്ങളും വിദേശരാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് എത്തി. തീരുവ ഒന്നുകൊണ്ടുമാത്രമാണിത്. എട്ടു യുദ്ധങ്ങളിൽ അഞ്ചെണ്ണം ഇങ്ങനെ തീരുവ ചുമത്തുമെന്ന് ഭീഷണി മുഴക്കി ഇല്ലാതാക്കാൻ എനിക്ക് സാധിച്ചു. അവർ പോരാട്ടം അവസാനിപ്പിക്കുന്നില്ലെങ്കിൽ ഉയർന്ന തീരുവ ചുമത്തുമെന്നായിരുന്നു ഭീഷണി''-ട്രംപ് ​ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചത് ഇതുപോലെ തീരുവ ഭീഷണി മുഴക്കിയാണെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. എന്നാൽ പാകിസ്താനുമായുള്ള വെടിനിർത്തലിന് മൂന്നാംകക്ഷി ഇടപെട്ടിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി.

തന്റെ മുൻഗാമി ജോ ബൈഡനെ പരിഹസിക്കാനും ട്രംപ് മറന്നില്ല. ​ഉറങ്ങിക്കിടന്ന ബൈഡന്റെ ഭരണകാലത്ത് യു.എസിൽ വളരെ മോശം അവസ്ഥയായിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്ത് പണപ്പെരുപ്പമില്ല എന്നും ട്രംപ് അവകാശപ്പെട്ടു.

''ഒമ്പത് മാസത്തിനിടെ 48ാമത്തെ തവണയാണ് ഓഹരി വിപണി എക്കാലത്തേയും വലിയ ഹിറ്റിലേക്ക് പോയത്. വർഷങ്ങളായി മറ്റ് രാജ്യങ്ങൾ അവരുടെ തീരുവകളാൽ അമേരിക്കയെ നശിപ്പിച്ചുവരികയായിരുന്നു. എന്നാൽ ഇനിമുതൽ അത് നടക്കില്ല. ഇപ്പോൾ തീരുവ സമ്പ്രദായം അമേരിക്കയെ ഉയർച്ചയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അമേരിക്ക ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തവും ധനികവും ആദരിക്കപ്പെടുന്ന രാജ്യമായി മാറിയിരിക്കുന്നു. അതിന് പിന്നിൽ രണ്ടേ രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് 2024 നവംബർ അഞ്ചിലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും. മറ്റൊന്ന് തീരുവകളും​''-ട്രംപ് പറഞ്ഞു.

Tags:    
News Summary - Donald Trump claims he stopped 5 of 8 eight wars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.