വാഷിങ്ടൺ: അമേരിക്കയിലെ ഏറ്റവും മികച്ച ചില കോളജുകളുമായുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തർക്കത്തിനിടയിൽ, വിദ്യാർഥി വിസക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്കായി പരിശോധന നടപടികൾ കർശനമാക്കാനൊരുങ്ങി ട്രംപ് സർക്കാർ. അതിന്റെ ഭാഗമായി, അപേക്ഷകരുടെ സോഷ്യൽ മീഡിയ നിരീക്ഷണം തുടങ്ങിയതിനാൽ പുതിയ വിദ്യാർഥി വിസ അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യുന്നത് നിർത്താൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതിനകം എംബസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഏതൊക്കെ അന്താരാഷ്ട്ര വിദ്യാർഥികൾക്കാണ് പ്രവേശനം നൽകേണ്ടത് എന്നത് യു.എസ് സമഗ്രമായി പരിശോധിക്കുമെന്ന് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
''ഞങ്ങൾ പരിശോധന തുടർന്നുകൊണ്ടേയിരിക്കും. അത് വിദ്യാർഥികളായാലും ശരി, വിസ ആവശ്യമുള്ള വിനോദസഞ്ചാരികളായാലും ശരി. ഇവിടെ വരുന്നത് ആരാണെന്നറിയാൻ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടേയിരിക്കും.അവർ എത്രകാലമാണ് യു.എസിൽ താമസിക്കാൻ ഉദ്ദേശിക്കുന്നത് എന്നത് പ്രശ്നമില്ല. ഹ്രസ്വമായാലും ദീർഘകാലമായാലും
വരുന്നവർക്ക് ക്രിമനൽ ലക്ഷ്യങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഏറ്റവും പ്രധാനം. രാജ്യം സന്ദർശിക്കാൻ ആർക്കൊക്കെ അർഹതയുണ്ട്, ആർക്കൊക്കെ ഇല്ല എന്നതിൽ വ്യക്തത വരുത്താൻ ഇതുമൂലം സാധിക്കും. അതിന്റെ കുടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനില്ലെന്നും ടാമി ബ്രൂസ് വ്യക്തമാക്കി.
വിസ നടപടിക്രമങ്ങൾ കൂടുതൽ കർശനമായതോടെ അടുത്തത് അന്താരാഷ്ട്ര വിദ്യാർഥികളെ നാടുകടത്തുന്ന പ്രക്രിയയാവും.
ക്ലാസുകൾ ഒഴിവാക്കുകയോ, കോളജുകളിലെ കോഴ്സുകൾ ഉപേക്ഷിക്കുകയോ ചെയ്യുന്ന വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതുപോലെ, വിസ കാലാവധി കഴിഞ്ഞ വിദ്യാർഥികൾക്ക് രാജ്യത്ത് താമസിക്കുന്നതിനും മറ്റ് ജോലികളിൽ ഏർപ്പെടുന്നതിനും വിലക്കുണ്ട്. ഇവർക്ക് ഭാവിയിലും വിസക്ക് അപേക്ഷിക്കാൻ കഴിയില്ല.
ഇൻസ്റ്റഗ്രാം, എക്സ്, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ യു.എസിന് ഭീഷണിയാകുമെന്ന് സംശയിക്കുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കും മുന്നറിയിപ്പുണ്ട്.
അതിനിടെ, ഇതിനകം തന്നെ ചെറിയ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർഥികളുടെ വിസ റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.