ബീജിങ്: ചൈനയിലെ ഒരു ഇറച്ചി ഫാക്ടറിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് വളർത്തുനായ്ക്കൾ 17 കിലോമീറ്ററോളം ഒന്നിച്ച് സഞ്ചരിച്ച് സുരക്ഷിതമായി സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തി. ചൈനയിലെ ജിലിൻ പ്രവിശ്യയിലെ ചാങ്‌ചുനിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത്. മൂന്ന് വ്യത്യസ്ത വീടുകളിൽ നിന്ന് കശാപ്പുകാർ മോഷ്ടിച്ചതായിരുന്നു ഈ നായ്ക്കളെ.
ഇറച്ചി വിൽക്കുന്ന കടയിലേക്ക് കൊണ്ടുപോകുന്നതിനിടെ കശാപ്പുശാലയിൽ നിന്നോ ട്രക്കിൽ നിന്നോ രക്ഷപ്പെട്ട ഇവ ഹൈവേയിലൂടെ തോളോടുതോൾ ചേർന്ന് നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം കോടിക്കണക്കിന് ആളുകളാണ് കണ്ടത്. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ജർമ്മൻ ഷെപ്പേർഡിന് ചുറ്റും കാവലായി മറ്റു നായ്ക്കൾ നിൽക്കുന്നതും കൂട്ടം തെറ്റുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോർഗി ഇനത്തിൽപ്പെട്ട നായ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗോൾഡൻ റിട്രീവർ, ലാബ്രഡോർ, പെക്കിംഗീസ് തുടങ്ങിയ ഇനങ്ങളാണ് ഈ സംഘത്തിലുണ്ടായിരുന്നത്.
നായ്ക്കൾ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വീഡിയോ വൈറലായതോടെ സന്നദ്ധ പ്രവർത്തകർ ഡ്രോണുകൾ ഉപയോഗിച്ച് ഇവയെ പിന്തുടരുകയും ഗ്രാമത്തിലേക്ക് വഴികാട്ടുകയും ചെയ്തു. മാർച്ച് 16ന് കാണാതായ നായ്ക്കൾ 18ഓടെ തങ്ങളുടെ വീടുകളിൽ തിരിച്ചെത്തി. തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾ ഭക്ഷണമായി മാറിയില്ലല്ലോ എന്ന വലിയ ആശ്വാസത്തിലാണ് ഉടമസ്ഥർ. നായ്ക്കളുടെ ഈ അസാധാരണമായ കൂറും ബുദ്ധിശക്തിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.