തദ്ദേശ തെരഞ്ഞെടുപ്പ്: ബ്രിട്ടനിൽ മേൽക്കൈ നേടി തീവ്രവലതുപക്ഷം; ലേബർ പാർട്ടിക്കും സ്റ്റാർമർക്കും വൻ തിരിച്ചടി

ലണ്ടൻ: ബ്രിട്ടനിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് വൻതിരിച്ചടി. പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടി പല പരമ്പരാഗത ശക്തികേന്ദ്രങ്ങളിലും പിന്നാക്കം പോയതായാണ് പ്രാഥമിക ഫലങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ തീവ്ര വലതുപക്ഷ പ്രസ്ഥാനമായ റിഫോം യു.കെ ഇതാദ്യമായി തെരഞ്ഞെടുപ്പിൽ വൻ നേട്ടം കൊയ്യുകയും ചെയ്തു. ഗ്രീൻ പാർട്ടിയും മികച്ച മുന്നേറ്റം നടത്തി. 2029ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രവണതകൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ബ്രിട്ടനിലെ 134 കൗൺസിലുകളിലേക്കും ബറോകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലാണ് ഭരണകക്ഷിക്ക് അടിതെറ്റിയത്. ഇംഗ്ലണ്ടിലെ കൗൺസിൽ തെരഞ്ഞെടുപ്പുകളിലാണ് ഏറ്റവും ശക്തമായ രാഷ്ട്രീയ മാറ്റം പ്രകടമായത്. ലേബർ പാർട്ടിയും കൺസർവേറ്റിവ് പാർട്ടിയും ഒരേസമയം പിന്തള്ളപ്പെടുകയും നിഗൽ ഫരാജിന്റെ റിഫോം പാർട്ടിയും ഗ്രീൻ പാർട്ടിയും വോട്ടർമാരുടെ പിന്തുണ നേടുകയും ചെയ്തു. രാജ്യത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ലേബർ-കൺസർവേറ്റിവ് ബലാബല രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി പലരും വിശകലനം ചെയ്യുന്നു.

ഹാംഷെയർ ഉൾപ്പെടെ ലേബറിന്റെ വൻകോട്ടകളാണ് റിഫോം പാർട്ടി ഇളക്കിയത്. കുടിയേറ്റവിരുദ്ധ നിലപാടുകളടക്കം തീവ്രവലതുപക്ഷത്തിന് ബ്രിട്ടനിൽ ലഭിക്കുന്ന ഏറ്റവുംവലിയ തെരഞ്ഞെടുപ്പ് വിജയമാണിത്. ചില പ്രദേശങ്ങളിൽ ലേബറിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിടുന്ന രീതിയിലാണ് ഫലങ്ങൾ വന്നിരിക്കുന്നത്. ഏതാനും കൗണ്ടികളിൽ ഗ്രീൻ പാർട്ടിയും മുന്നേറി. ഒരിടത്ത് പാർട്ടിക്ക് മേയർസ്ഥാനവും ലഭിച്ചു.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാർമറുടെ രാജി ആവശ്യവും ശക്തമാകുന്നുണ്ട്. എന്നാൽ, താൻ പിന്മാറില്ല എന്നാണ് സ്റ്റാർമർ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് മാറ്റം കൊണ്ടുവരാനുള്ള പ്രക്രിയക്ക് സമയം വേണ്ടിവരുമെന്നും ജനങ്ങളുടെ അസ്വസ്ഥത അത് വേഗത്തിൽ സംഭവിക്കാത്തതിലാണെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    
News Summary - Labour Party Suffers Major Losses as Reform UK Gains in Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.