സ്വിറ്റ്സർലന്റ്: ഹന്താവൈറസ് ബാധിച്ച യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ശനിയാഴ്ച സ്പാനിഷ് ദ്വീപായ ടെനറൈഫിൽ എത്തുമെന്ന് സ്പാനിഷ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഹന്താവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നത് ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനാണ് ഡബ്ല്യു.എച്ച്.ഒ മേധാവി നേരിട്ടെത്തുന്നത്. ഹന്താവൈറസ് ബാധ റിപ്പോർട്ട് ചെയ്ത് കപ്പലിൽ നിന്നുള്ള യാത്രക്കാരെ ഇതിനതം തന്നെ അവരുടെ രാജ്യങ്ങളിലേത്ത് തിരിച്ചയക്കാൻ ആരംഭിച്ചിട്ടുണ്ട്.
ഹന്താവൈറസ് ബാധയിൽ ആഗോളതലത്തിൽ ജാഗ്രതാനിർദേശം നൽകി ലോകാരോഗ്യ സംഘടന. വരും ആഴ്ചകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി. എങ്കിലും കോവിഡ്-19 പോലെ ഇതൊരു മഹാമാരിയായി പടരാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർജന്റീനയിൽനിന്ന് യാത്രതിരിച്ച ‘എം.വി ഹോണ്ടിയസ്’ എന്ന ഡച്ച് കപ്പലിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. കപ്പലിലെ എട്ട് യാത്രക്കാർക്ക് രോഗം ബാധിച്ചതായും ഇതിൽ മൂന്നുപേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചു. കപ്പലിലെ രണ്ട് ഇന്ത്യൻ ജീവനക്കാരുടെ ആരോഗ്യനിലയെക്കുറിച്ച് നിലവിൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവർ നിരീക്ഷണത്തിലാണ്.രോഗബാധിതരായ യാത്രക്കാർ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയതാണ് ആശങ്ക വർധിപ്പിക്കുന്നത്.
നിലവിൽ അഞ്ച് രാജ്യങ്ങൾ കനത്ത നിരീക്ഷണത്തിലാണ്. നെതർലൻഡ്സ്, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നീ രാജ്യങ്ങളാണ് നിരീക്ഷണത്തിലുള്ളത്. നെതർലൻഡ്സിൽ മൂന്നുപേർ ചികിത്സയിലാണ്. ഒരു വിമാന ജീവനക്കാരിക്കും രോഗം ബാധിച്ചതായി സംശയമുണ്ട്. സിംഗപ്പൂരിൽ രണ്ട് യാത്രക്കാർ നിരീക്ഷണത്തിലാണ്. ഇതിൽ ഒരാൾക്ക് പനിയുടെ ലക്ഷണങ്ങളുണ്ട്. സാധാരണയായി എലികളിൽനിന്ന് പടരുന്ന ഹന്താവൈറസിനേക്കാൾ അപകടകാരിയായ ‘ആൻഡീസ് വൈറസ്’ ആണ് ഇവിടെ വില്ലൻ. ഈ വകഭേദം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരാൻ ശേഷിയുള്ളതാണ്. കപ്പൽ നിലവിൽ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് നീങ്ങുകയാണ്. യാത്രക്കാരെ കാബിനുകളിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.