റഷ്യ-യുക്രെയ്ൻ യുദ്ധം; മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ഡോണാൾഡ് ട്രംപ്

വാഷിങ്ടൺ: നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് വെടിനിർത്തൽ നീണ്ടുനിൽക്കുന്നത്. വെടിനിർത്തലിനോടൊപ്പം ഇരുരാജ്യങ്ങളും 1000 തടവുകാരെ വീതം കൈമാറാനും ധാരണയായിട്ടുണ്ട്. യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കിയും വെടിനിർത്തൽ കരാർ സ്ഥിരീകരിച്ചു.

 മെയ് 9 ശനിയാഴ്ച മുതൽ മെയ് 11 തിങ്കളാഴ്ച വരെ എല്ലാത്തരം സൈനിക നീക്കങ്ങളും ഇരു വിഭാഗം നിർത്തിവെക്കും. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന്റെ സ്മരണ പുതുക്കുന്ന മെയ് ഒമ്പതിലെ 'വിക്ടറി ഡേ' ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് വെടിനിർത്തൽ ധാരണയായതെന്ന് ക്രെംലിൻ വക്താവ് യൂറി ഉഷാക്കോവ് അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളായിരുന്ന റഷ്യയുടെയും യുക്രെയ്ന്റെയും പങ്ക് കണക്കിലെടുത്താണ് ഇത്തരമൊരു വെടിനിർത്തൽ നിർദ്ദേശിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

"യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നമ്മൾ ഓരോ ദിവസവും അടുത്തുകൊണ്ടിരിക്കുകയാണ്. ഈ മാരകമായ പോരാട്ടം അവസാനിക്കുന്നതിന്റെ തുടക്കമാകട്ടെ ഇത് എന്ന് ഞാൻ പ്രത്യാശിക്കുന്നു," ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

അതേസമയം, കിഴക്കൻ യുക്രെയ്നിലെ ഡൊണെസ്ക് മേഖലയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും സമാധാന ചർച്ചകൾക്ക് തടസ്സമായി തുടരുകയാണ്. പിടിച്ചെടുത്ത ഭൂമി വിട്ടുനൽകില്ലെന്ന് റഷ്യയും, സ്വന്തം പ്രദേശം വിട്ടുകൊടുക്കില്ലെന്ന് യുക്രെയ്നും നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ മൂന്ന് ദിവസത്തെ വെടിനിർത്തൽ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് ലോകരാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - Trump announces three-day ceasefire in Russia-Ukraine war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.