ഗസ്സയിലെ ആ ഉമ്മ തോറ്റുകൊടുത്തില്ല; മകൻ മരിച്ചെന്ന് ലോകം വിധിയെഴുതിയിട്ടും അവൾ കാത്തിരുന്നു, ഒടുവിൽ ആ ഫോൺ കോളെത്തി

ഗസ്സ: മകൻ മരിച്ചെന്ന് കരുതി മരണാനന്തര ചടങ്ങുകൾ വരെ നടത്തിയ ഗസ്സയിലെ കുടുംബത്തിനെ തേടി ആശ്വാസ വാർത്ത . ഒന്നരവർഷം മുമ്പ് കാണാതായ 25-കാരനായ ഈദ് നായൽ അബൂ ശാർ ഇസ്രായേലിലെ ഓഫർ ജയിലിൽ ജീവനോടെയുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മകന്റെ വിയോഗത്തിൽ പത്ത് മാസം മുമ്പ് കുടുംബം മരണാനന്തര ചടങ്ങുകൾ നടത്തുകയും മന്ത്രാലയത്തിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്തിരുന്നു.

2024 ഡിസംബർ 15നാണ് ജോലി തേടി പോയ ഈദിനെ ഗസ്സയിലെ നെത്‌സാരിം കോറിഡോറിന് സമീപത്ത് വെച്ച് കാണാതാകുന്നത്. മകനെ തേടി ഗസ്സയിലെ ആശുപത്രികളിലും മോർച്ചറികളിലും ഈദിന്റെ പിതാവ് നായൽ അബൂ ശാർ സമീപിച്ചിരുന്നു . പിന്നീട് റെഡ് ക്രോസിനെയും മനുഷ്യാവകാശ സംഘടനകളെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മകൻ കൊല്ലപ്പെട്ടുവെന്ന നിഗമനത്തിൽ കുടുംബം മരണാനന്തര ചടങ്ങുകളിലേക്ക് കടക്കുകയായിരുന്നു.

എല്ലാവരും ഈദിനായി മയ്യത്ത് നമസ്കാരം നടത്താൻ ആവശ്യപ്പെട്ടപ്പോഴും അവന്റെ ഉമ്മ മഹ അബൂ ശാർ അതിന് തയ്യാറായിരുന്നില്ല. തന്റെ മകൻ ജീവനോടെയുണ്ടെന്ന് ഹൃദയം പറയുന്നുണ്ടെന്നായിരുന്നു മഹയുടെ വാക്കുകൾ. ജയിൽ മോചിതനായ മറ്റൊരാൾ നൽകിയ സൂചനയെത്തുടർന്ന് അഭിഭാഷകൻ നടത്തിയ അന്വേഷണത്തിലാണ് ഈദ് ജയിലിലുണ്ടെന്ന് സ്ഥിരീകരിച്ചത്.

മകൻ ജീവനോടെയുണ്ടെന്ന വാർത്താ കേട്ട് ഗസ്സയിലെ തങ്ങളുടെ അയൽക്കാർക്ക് മധുരം വിതരണം ചെയ്യുകയാണ് കുടുംബം. എങ്കിലും ഇസ്രായേൽ ജയിലുകളിൽ മകൻ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള ആശങ്കയിലാണ് ഉമ്മ മഹ. അവനെ ഒരിക്കൽ കൂടി നെഞ്ചോട് ചേർക്കുന്നത് വരെ തന്റെ സന്തോഷം പൂർണ്ണമാകില്ലെന്ന് അവർ കണ്ണീരോടെ പറഞ്ഞു.

ഈദിന്റെ തിരിച്ചുവരവ് കുടുംബത്തിന് ആഘോഷമാണെങ്കിലും, ഇസ്രായേൽ ജയിലുകളിൽ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികളുടെ കുടുംബങ്ങൾ ഇന്നും നീറുന്ന വേദനയിലാണ്. ഏഴായിരത്തോളം പേരെ ഇത്തരത്തിൽ യുദ്ധത്തിനിടെ കാണാതായിട്ടുണ്ടെന്നാണ് കണക്കുകൾ. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി തടവുകാരുടെ വിവരങ്ങൾ ഇസ്രായേൽ രഹസ്യമാക്കി വെക്കുന്നത് മനപൂർവമായ മാനസിക പീഡനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - After 18 months of mourning, a Gaza son is found alive in an Israeli prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.