ഇസ്രായേൽ തടവിലാക്കിയ ഫ്ലോട്ടില്ല പ്രവർത്തകരെ വിട്ടയക്കും


ഗസ്സ/ജറുസലേം: ഗസ്സയിലേക്ക് മാനുഷിക സഹായവുമായെത്തിയ ഫ്ലോട്ടില്ല പ്രവർത്തകരെ മോചിപ്പിക്കാൻ ഇസ്രായേൽ തീരുമാനിച്ചു. സ്പാനിഷ്-ഫലസ്തീനിയൻ വംശജനായ സൈഫ് അബു കെഷെക്കിനെയും ബ്രസീൽ പൗരനായ തിയാഗോ ആവിലയെയുമാണ് വിട്ടയക്കുന്നത്. അന്താരാഷ്ട്ര കടൽ അതിർത്തിയിൽ വെച്ച് ഇസ്രായേൽ സേന പിടികൂടിയ ഇവർ ജയിലിൽ നിരാഹാര സമരം നടത്തിവരികയായിരുന്നു.

ഇസ്രായേൽ കോടതികളിൽ മനുഷ്യാവകാശ സംഘടനയായ ‘അദാല’ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇവരെ വിട്ടയക്കാൻ ഉത്തരവായത്. ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അദാല കുറ്റപ്പെടുത്തി. നിലവിൽ ഇമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയ ഇവരെ വരും ദിവസങ്ങളിൽ തന്നെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് അഭിഭാഷകർ അറിയിച്ചു.

ഗ്രീസ് തീരത്തിന് സമീപം അന്താരാഷ്ട്ര ജലപരിധിയിൽ വെച്ചാണ് ഇസ്രായേൽ സൈന്യം സഹായക്കപ്പൽ തടഞ്ഞത്. കപ്പലിലുണ്ടായിരുന്ന 168 പേരെ ഗ്രീസിലെ ക്രീറ്റിലേക്ക് തിരിച്ചയച്ചെങ്കിലും, അബു കെഷെക്കിനെയും ആവിലയെയും മാത്രം ഇസ്രായേൽ സേന തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കുകയായിരുന്നു.

ജയിലിൽ കഴിയവെ ഇരുവരും നിരാഹാര സമരത്തിലായിരുന്നു. ഇതിൽ സൈഫ് അബു കെഷെക് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ജലപാനം പോലും ഉപേക്ഷിച്ച് സമരം ശക്തമാക്കിയിരുന്നു. മോചനം വൈകുന്നത് ഇവരുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ഇപ്പോൾ മോചന ഉത്തരവ് വന്നിരിക്കുന്നത്.

ഗസ്സയിൽ ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിച്ച് അവിടേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തിൽ രൂപവത്കരിക്കപ്പെട്ട ഒരു പൗരസമൂഹ മുന്നേറ്റമാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, അഭിഭാഷകർ, കലാകാരന്മാർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ ഇതിൽ പങ്കാളികളാണ്.

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് ഉൾപ്പെടെയുള്ള പ്രമുഖർ ഇതിന്റെ ഭാഗമായിട്ടുണ്ട്. 2025ലും 2026ലും നടന്ന ഈ നീക്കങ്ങളെ ഇസ്രായേൽ സേന അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ തന്നെ തടഞ്ഞിരുന്നു.

ഏറ്റവും ഒടുവിൽ കഴിഞ്ഞ ഏപ്രിലിൽ പുറപ്പെട്ട കപ്പലുകളെ ഇസ്രായേൽ സൈന്യം പിടിച്ചെടുക്കുകയും പ്രവർത്തകരെ തടങ്കലിലാക്കുകയും ചെയ്തു. ഈ തടങ്കലിലായവർക്ക് നേരെ ശാരീരിക പീഡനമുണ്ടായതായി മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നുണ്ട്.


Tags:    
News Summary - Israel to Release Flotilla Activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.