'ദിറിലിഷ് എർത്തുഗ്രുൽ' താരം അയ്‌ബെർക്ക് പെക്കാൻ അന്തരിച്ചു

'ദിറിലിഷ്​ എർത്തുഗ്രുൽ' സീരീസിലൂടെ പ്രശസ്തനായ ടർക്കിഷ് നടൻ അയ്ബെർക്ക് പെക്ചാൻ എന്ന അർതുക് ബേ അന്തരിച്ചു. 51 വയസ്സായിരുന്നു. ദീർഘകാം ശ്വാസകോശ അർബുദം ബാധിച്ച്​ ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ചയാണ് താരത്തിന്‍റെ കുടുംബം മരണം സ്ഥിരീകരിച്ചത്.

ദിറിലിഷ്​ എർത്തുഗ്രുൽ എന്ന ചരിത്ര പരമ്പരയിൽ നായകന്‍റെ വലം കൈയായുള്ള അർതുക് ബേയുടെ വേഷമാണ്​ ഇദ്ദേഹം അവതരിപ്പിച്ചിരുന്നത്​. വളരെ ജനപ്രീതിയുള്ള സീരീസിൽ അയ്​ബെർക്കിനും ആരാധകർ ഏറെയുണ്ടായിരുന്നു.

1970ല്‍ ജനിച്ച അയ്ബെർക്ക് പെക്ചാൻ മെര്‍സിന്‍ യൂനിവേഴ്‌സിറ്റിയിലെ തിയേറ്റര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ബിരുദം നേടി. വളരെ ജനപ്രിയമായ വാലി ഓഫ് ദി വോള്‍വ്‌സ് (കുര്‍ട്ട്‌ലര്‍ വാദിസി) സീരീസ് ഉള്‍പ്പെടെ നിരവധി പരമ്പരകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്​.

കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്‍റെ അസുഖത്തെ കുറിച്ച് താരം സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. 'പ്രിയ സുഹൃത്തുക്കളെ... നടുവേദനയെ തുടർന്ന്​ ഞാൻ ഡോക്ടറെ കാണാൻ വന്നതായിരുന്നു. പരിശോധനയിൽ എനിക്ക് ശ്വാസകോശ അർബുദമുണ്ടെന്ന്​ മനസ്സിലായി. ട്യൂമർ കരളിലേക്കും അഡ്രിനൽ ഗ്രന്ഥികളിലേക്കും പടർന്നിട്ടുണ്ട്. നിർഭാഗ്യവശാൽ രോഗത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങളൊന്നും കാണിച്ചില്ല. കീമോതെറാപ്പിയുടെ ആദ്യ ദിവസമാണ്​... എന്‍റെ ഏറ്റവും വലിയ പിന്തുണ കുടുംബമാണ്. അതുപോലെ എന്‍റെ സുഹൃത്തുക്കളും സമീപമുണ്ട്​. എന്‍റെ ആരോഗ്യം വീണ്ടെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കും. നിങ്ങളുടെ ആശംസകളും പ്രാർത്ഥനകളും നിങ്ങളോടൊപ്പം സൂക്ഷിക്കുക. സുഖമായി ഇരിക്കൂ...' -എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്​.

മരണ വാർത്ത ആരാധകരിൽ ഞെട്ടലുണ്ടാക്കുകയും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ അനുശോചനം അറിയിക്കുകയും ചെയ്തു. ദിറിലിഷ്​ എർത്തുഗ്രുൽ സംവിധായകനും നിർമാതാവുമായ മെഹ്​മെത് ബോസ്ദാഗ് ആദരാഞ്ജലികൾ അർപ്പിച്ചു.

2014 ഡിസംബർ 10 മുതൽ തുർക്കിയിലെ ടി.ആർ.ടി 1 ടി.വി ചാനലിലാണ്​ സീരീസ്​ സംപ്രേക്ഷണം ചെയ്​ത്​ തുടങ്ങിയത്​. അഞ്ച് സീസണുകളിലായി രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള 179 എപ്പിസോഡുകളായിരുന്നു തുർക്കിയിൽ സംപ്രേക്ഷണം ചെയ്യപ്പെട്ടതെങ്കിലും നെറ്റ്ഫ്ലിക്സിലേക്കെത്തിയപ്പോൾ മുക്കാൽ മണിക്കൂറോളമുള്ള 448 എപ്പിസോഡുകളായി അതുമാറി. ഏഴുനൂറ്റാണ്ട്​ നീണ്ടുനിന്ന ഉസ്​മാനിയ ഖിലാഫത്തി​ന്‍റെ നാന്ദിയുടെ കഥയാണ്​ പറയുന്നത്​.

തുർക്കിഷ്​ ഗെയിം ഓഫ്​ ​ത്രോൺസ്​ എന്ന്​ വിളിപ്പേരുള്ള സീരീസ്​ ലോകമാകെ നിരവധി രാഷ്​ട്രീയ ചർച്ചകൾക്കും വഴി തുറന്നിരുന്നു. തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ സീരീസിന്‍റെ ഷൂട്ടിംഗ്​ സ്ഥലങ്ങൾ സന്ദർശിച്ചതും ജനങ്ങളോട്​ കാണാൻ നിർദേശിച്ചതും ഏറെ ചർച്ചയായിരുന്നു. പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സീരീസി​ന്‍റെ ഇതിവൃത്തത്തെ പുകഴ്​ത്തുകയും കുട്ടികളോടും യുവാക്കളോടും കാണാൻ ആവശ്യപ്പെടുകയും ചെയ്​തതും​ വലിയ വാർത്തയായി. 

Tags:    
News Summary - Diriis Ertugrul fame Ayberk Pekcan dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.