‘ടോക്സിക് പുരുഷന്മാരെ വൃത്തിയാക്കാം’ തിരിച്ചടിച്ച് ഡെറ്റോളിന്റെ പരസ്യം; ഒടുവിൽ മാപ്പുപറഞ്ഞ് തടിതപ്പി

ബെയ്ജിങ്: സ്ത്രീകളോടുള്ള വിവേചനപരമായ സമീപനത്തെ വിമർശിക്കാനായി പ്രമുഖ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ ഡെറ്റോൾ തയാറാക്കിയ പരസ്യം ചൈനയിൽ വലിയ വിവാദത്തിൽ. അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള പരസ്യം വിവാദമായതിനെ തുടർന്ന് ഡെറ്റോൾ മാപ്പ് പറഞ്ഞ് രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ പരസ്യം പിന്‍വലിക്കുകയും ചെയ്തു.

പരസ്യത്തിൽ സ്ത്രീകളെ ‘മറ്റു പുരുഷന്മാരുമായി സമ്പർക്കമില്ലാത്തവർ’, ‘ശുദ്ധർ’ എന്ന രീതിയിൽ ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. മുൻ പ്രണയബന്ധം ഉണ്ടായിരുന്ന യുവതിയെ വിവിധ വാക്കുകളിലൂടെ അധിക്ഷേപിക്കുന്ന യുവാവിനെയാണ് പരസ്യത്തിൽ ആദ്യം കാണിക്കുന്നത്. തുടർന്ന് പുതിയ പങ്കാളിയെ പ്രശംസിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അവസാന ഭാഗത്ത് യുവതി ഇയാളുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചോദ്യം ചെയ്യുകയും ‘ടോക്സിക് പുരുഷന്മാർ ബാക്ടീരിയ പോലെയാണ്’ എന്ന സന്ദേശത്തോടെ ഡെറ്റോളിനെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് പരസ്യം.

ചൈനീസ് ഇന്റർനെറ്റിൽ പരസ്യം വലിയ കോളിളക്കം സൃഷ്ടിച്ചു. ലിംഗവിവേചനത്തിന് എതിരെ സംസാരിക്കാനാണ് ഡെറ്റോള്‍ ശ്രമിച്ചതെങ്കിലും പരസ്യത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയായിരുന്നു. പരസ്യത്തിൽ സ്ത്രീകളെ അപമാനിക്കുന്ന സംഭാഷണങ്ങളാണ് ഉള്ളതെന്നും സ്ത്രീകളെ വസ്തുക്കളായി ചിത്രീകരിക്കു​ന്നുവെന്നും ആക്ഷേപം ഉയർന്നു. ഇതോടെ ഡെറ്റോളിനെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങളും ഉയരുകയായിരുന്നു. നിരവധി ഉപയോക്താക്കൾ പരസ്യം സ്ത്രീകളെ വസ്തുവൽക്കരിക്കുന്നതും പഴയ ലിംഗവിവേചന ധാരണകൾ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് വിമർശിച്ചു.

വിവാദം ശക്തമായതോടെ ഡെറ്റോൾ പരസ്യം പിൻവലിക്കുകയും ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.  ചൈനയിലെ സ്ത്രീകളടക്കം നിരവധി പേരെ പരസ്യം വേദനിപ്പിച്ചതായും ബഹുരാഷ്ട്ര കമ്പനി സമ്മതിച്ചു. ഉള്ളടക്ക പരിശോധനയിലും അംഗീകാര നടപടികളിലും വീഴ്ച സംഭവിച്ചെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

ബ്രിട്ടീഷ് കൺസ്യൂമർ ഗുഡ്സ് കമ്പനിയായ റെക്കിറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡെറ്റോൾ. ചൈനയിൽ ഡെറ്റോൾ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ആദ്യമായല്ല. കഴിഞ്ഞ വർഷം ‘വിവാഹത്തിന് തൊട്ടുമുമ്പ് ആ സ്ത്രീയെ തിരിച്ചയച്ചു; അവൾ പരിശുദ്ധയല്ലാത്തതുകൊണ്ടായിരിക്കണം’ എന്ന വരികൾ ഉൾക്കൊള്ളുന്ന പരസ്യം വലിയ വിവാദത്തിന് കാരണമായിരുന്നു. 

Tags:    
News Summary - Dettol apologises after ad to clean up toxic men backfires in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.