തന്നെ നാടുകടത്തിയത് വിശദീകരണം നൽകാതെ -ഫിലിപ്പോ ഒസെല്ല

ലണ്ടൻ: കേന്ദ്ര സർക്കാർ അനുവദിച്ച സാധുവായ ഗവേഷകവിസയുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ തന്നെ അതേ വിമാനത്തിൽ തിരിച്ചയച്ചത് ഒരു വിശദീകരണവും നൽകാതെയെന്ന് പ്രശസ്ത ബ്രിട്ടീഷ് നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ല. ഇന്ത്യൻ ഗവൺമെന്റ് തീരുമാനമാണെന്നു മാത്രമായിരുന്നു എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ മറുപടി.

കേരളത്തിലെ സുഹൃത്തുക്കളുമായി സംസാരിക്കാൻ അനുവദിച്ചില്ല. പരുഷമായ രീതിയിലായിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റം. ഇന്ത്യയിൽ 30 വർഷത്തിലേറെയായി ഗവേഷകരംഗത്ത് സജീവമാണെന്നറിയിച്ചിട്ടും അവർ വഴങ്ങിയില്ല. രക്തസമ്മർദത്തിന് മരുന്ന് എടുക്കാൻ ലഗേജ് ആവശ്യപ്പെട്ടപ്പോൾ മിണ്ടാതിരിക്കാനും ഇല്ലെങ്കിൽ സുരക്ഷ ഉദ്യോഗസ്ഥരെ വിളിച്ച് തടവിലാക്കുമെന്നുമായിരുന്നു ഭീഷണി.

എല്ലാ നടപടികളും പൂർത്തിയാക്കി ഒരു വർഷത്തേക്ക് അനുവദിച്ച മൾട്ടിപ്പിൾ എൻട്രി ഗവേഷക വിസയിലാണ് വന്നത്. സ്വാഭാവികമായും മറ്റു കാരണങ്ങൾ പുതിയ നടപടിക്കു കാരണമായിട്ടുണ്ടാകാം. മുമ്പ് ശ്രീലങ്കയിലും പാകിസ്താനിലും ഗവേഷണവുമായി ബന്ധപ്പെട്ട് സന്ദർശിച്ചിരുന്നു. ഇതുൾപ്പെടെ വല്ലതും യാത്രാവിലക്കിന് കാരണമായിട്ടുണ്ടാകാം. കേരളം തനിക്ക് രണ്ടാം ഭവനമായിരുന്നുവെന്നും കേരളത്തിന്റെ സംസ്കാരം അത്രക്ക് ഇഷ്ടമുള്ളതായിരുന്നുവെന്നും അതിനാൽ തിരിച്ചയച്ചത് കടുത്ത ഞെട്ടലായെന്നും ഒസെല്ല വാർത്തക്കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - Deported deported without explanation - Filippo Osella

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.