'ഞങ്ങൾക്ക് സംഭവിച്ച ദുരന്തങ്ങൾ ലോകം കാണണം'; ഗസ്സയുടെ നിലവിളി മൊബൈൽ സ്ക്രീനിലൂടെ ലോകത്തെ അറിയിച്ച് പതിനെട്ടുകാരി ഇമാൻ

ഇസ്രായേൽ ബോംബാക്രമണങ്ങളെയും തുടർച്ചയായ പലായനങ്ങളെയും അതിജീവിച്ച ഗസ്സ സിറ്റിയിലെ ആ ചെറിയ വീട്ടിൽ രാത്രി പതിനൊന്ന് മണിയായാൽ ഒരു കൈമാറ്റം നടക്കും. സോളാർ പാനലുകളുടെ മങ്ങിയ വെളിച്ചമുള്ള സ്വീകരണമുറിയിലൂടെ പതിനെട്ടുകാരിയായ ഇമാൻ ലുലു നടന്ന് മാതാവിന്റെ കിടപ്പുമുറിയിലെത്തും. എന്നിട്ട് താൻ ദിവസം മുഴുവൻ കൂടെക്കരുതിയ ആ സ്മാർട്ട്‌ഫോൺ അവരുടെ കൈകളിൽ വെച്ചുകൊടുക്കും."ഗുഡ് നൈറ്റ് ..."അതും പറഞ്ഞ് അവൾ തന്റെ കിടക്കയിലേക്ക് മടങ്ങും. മാതാവ് ആ മാതാവ് ഫോൺ തലയിണയ്ക്കരികിൽ വെച്ച് സൈലന്റാക്കും. അതോടെ, ഗസ്സയുടെ കലുഷിതമായ ജീവിതം പുറംലോകത്തിന് മുന്നിൽ തത്സമയം എത്തിച്ചിരുന്ന കോടികളുടെ ആ ഡിജിറ്റൽ ജനാല കുറച്ചുനേരത്തേക്ക് പൂർണ്ണമായും അല്പനേരത്തേക്ക് ഇരുട്ടിലേക്ക് അടഞ്ഞുകിടക്കും. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ സാധാരണമായി, ഉറങ്ങാൻ കിടക്കുമ്പോൾ കൗമാരക്കാരുടെ ഫോൺ വാങ്ങി വെക്കുന്ന മാതാപിതാക്കളുടെ ശീലമാണിതെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. എന്നാൽ, ആ ഫോണിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഒരു പെൺകുട്ടിയുടെ കണ്ണീരിന്റെയും അതിജീവനത്തിന്റെയും വിറയാർന്ന ഓർമ്മകളാണ്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ഈ ചിത്രമായിരുന്നില്ല അവിടെയുണ്ടായിരുന്നത്. മകൾക്ക് സ്വന്തമായി ഒരു ഫോൺ നൽകുന്നതിനെതിരെയായിരുന്നു ആ മാതാവ്. പതിനെട്ട് വയസ്സ് തികയുന്നതുവരെയോ പഠനം പൂർത്തിയാകുന്നതുവരെയോ പെൺകുട്ടികൾക്ക് വ്യക്തിഗത ഫോൺ നൽകരുതെന്നായിരുന്നു അവരുടെ കർശന നിലപാട്. ഓൺലൈൻ ലോകത്തെ ചതിക്കുഴികളിൽ നിന്നും മകളെ സംരക്ഷിക്കുക എന്ന ഒരേയൊരു ചിന്ത മാത്രമായിരുന്നു അവരുടെ മനസ്സിൽ. ഇമാന് ആവശ്യമുണ്ടെങ്കിൽ അവരുടെ ഫോൺ ഉപയോഗിക്കാമായിരുന്നു. അപൂർവ്വമായി ചില കൂട്ടുകാർക്ക് മാത്രം ഫോണുള്ള ആ ചുറ്റുപാടിൽ, അമ്മയുടെ വാക്ക് അനുസരിച്ച് അവൾ വളർന്നു.

എന്നാൽ, ഇസ്രായേൽ ആക്രമണത്തിൽ അവരുടെ പഴയ വീട് തകർന്നു തരിപ്പണമായതോടെ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിഞ്ഞു. ജീവനുംകൊണ്ട് പാദരക്ഷകൾ പോലും ധരിക്കാതെ ഓടിയിറങ്ങുമ്പോഴും മാതാവിന്റെ പഴയ ഐഫോൺ ഇമാൻ കൈയിൽ കരുതിയിരുന്നു.എന്നാൽ അതവൾക്ക് പിന്നീട് വെറുമൊരു ഫോൺ മാത്രമായിരുന്നില്ല , ലോകത്തോട് സംസാരിക്കാനുള്ള ഒരേയൊരു മാധ്യമമായിരുന്നു. ഒരു കാലത്ത് ഫോൺ ഉപയോഗിക്കുന്നതിനെ എതിർത്തിരുന്ന മാതാവ് തന്നെയാണ് പിന്നീട് മകളോട് ഫോൺ ഉപയോഗിക്കാൻ നിരന്തരം ആവശ്യപ്പെട്ടത്. "ഞങ്ങൾക്ക് സംഭവിച്ച ദുരന്തങ്ങൾ ഈ ലോകം കാണണമെന്ന് ഞാൻ ആഗ്രഹിച്ചു," വിറയ്ക്കുന്ന കൈകളോടെ ആ മാതാവ് ഓർക്കുന്നു.അങ്ങനെയാണ് ആ ഫോൺ ഗസ്സയുടെ നിലവിളിയായി മാറുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ഗസ്സയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ, ലോകം അവിടുത്തെ യാഥാർഥ്യങ്ങൾ അറിയാൻ ഇമാന്റെ സോഷ്യൽ മീഡിയ പേജുകളെ ആശ്രയിച്ചു. തകർന്നു തരിപ്പണമായ തെരുവുകളിലൂടെ മാതാപിതാക്കൾക്കൊപ്പം കഴുതവണ്ടിയിൽ യാത്ര ചെയ്യുന്ന വീഡിയോ അവൾ പങ്കുവെച്ചതോടെ അവളുടെ ഫോളോവേഴ്സ് ലക്ഷങ്ങളിൽ നിന്ന് കോടികളിലേക്ക് കുതിച്ചുയർന്നു. തെക്കൻ ഗസ്സയിലുള്ളവരും വിദേശത്തുള്ളവരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വീടുകൾ ഇപ്പോഴും ശേഷിക്കുന്നുണ്ടോ എന്നറിയാൻ ഇമാനെയാണ് ബന്ധപ്പെട്ടത്.

എന്നാൽ, പെട്ടെന്നുണ്ടായ പ്രശസ്തി ഇമാന് സമ്മാനിച്ചത് വലിയൊരു മാനസിക ഭാരമായിരുന്നു. ഒരിക്കൽ തന്റെ പേജിന്റെ ഒരു ദശലക്ഷം ഫോളോവേഴ്സ് തികഞ്ഞ സന്തോഷത്തിൽ അവൾ ആശുപത്രിയിലെ പാരാമെഡിക്കൽ ജീവനക്കാർക്ക് ചെറിയൊരു മധുരപലഹാരം നൽകിയ വീഡിയോ പോസ്റ്റ് ചെയ്തു. എന്നാൽ, അതേ ദിവസം തന്നെ തെക്കൻ ഗസ്സയിലെ റഫയിൽ വലിയൊരു കൂട്ടക്കൊല നടന്നിരുന്നു. ആളുകൾ കൂട്ടത്തോടെ വെന്തുമരിച്ച അതേ സമയത്ത് മധുരം പങ്കിടുന്ന വീഡിയോ പോസ്റ്റ് ചെയ്തെന്നാരോപിച്ച് വലിയ സൈബർ ആക്രമണമാണ് ഇമാന് നേരിടേണ്ടിവന്നത്. താൻ അനുഭവിക്കുന്ന യാഥാർഥ്യങ്ങൾ ലോകത്തോട് പറയണോ അതോ നിശബ്ദയാകണോ എന്നറിഞ്ഞ് ആ കൊച്ചുപെൺകുട്ടി തകർന്നുപോയി.

എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഇമാന് തണലായി മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. സിഗ്നൽ ലഭിക്കാനായി സോളാർ പാനലുകൾ വെച്ചിരിക്കുന്ന വീടിന്റെ മുകളിലേക്ക് കയറേണ്ടിവന്ന ഇമാന് സുരക്ഷിതമായി ഇരുന്ന് വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ പിതാവ് ഹുസ്സാം ഒരു ചെറിയ ഷെഡ് ഒരുക്കിക്കൊടുത്തു. നെഗറ്റീവ് കമന്റുകൾ കണ്ട് മകൾ തളരുമ്പോൾ "നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക" എന്ന് പറഞ്ഞ് അവർ അവൾക്ക് ധൈര്യം പകരുകയാണ്.

ഇന്നും രാത്രി പതിനൊന്ന് മണിയായാൽ ഇമാൻ  ഫോൺ മാതാവിന്റെ കൈകളിൽ ഏൽപ്പിക്കും. ലോകത്തിന്റെ കണ്ണിൽ അതൊരു പ്രശസ്ത ഇൻഫ്ലുവൻസറുടെ ഉപകരണമാണെങ്കിലും, ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം അതൊരു ജീവന്റെ തുടിപ്പും ഓർമ്മകളുടെ ശേഖരവുമാണ്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ വേദന ലോകത്തോട് വിളിച്ചുപറഞ്ഞ  ഫോൺ.  രാത്രികളിൽ കുറച്ചുനേരത്തേക്ക് സ്വന്തം വീടിന്റെ ഇരുട്ടിൽ വിശ്രമിക്കുന്നു, പുതിയൊരു ഉദയത്തിനായി, അടുത്ത നിശബ്ദ പോരാട്ടത്തിനായി.

Tags:    
News Summary - 'ഞങ്ങൾക്ക് സംഭവിച്ച ദുരന്തങ്ങൾ ലോകം കാണണം'; ഗസ്സയുടെ നിലവിളി മൊബൈൽ സ്ക്രീനിലൂടെ ലോകത്തെ അറിയിച്ച് പതിനെട്ടുകാരി ഇമാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.