ഹനിയ്യയുടെ രക്തസാക്ഷിത്വത്തിന് രണ്ടാണ്ട്; അനുസ്മരണ ചടങ്ങിന് തെഹ്റാനിൽ ആയിരങ്ങൾ

തെഹ്റാൻ: ഫലസ്തീൻ പോരാട്ട പ്രസ്ഥാനം ഹമാസിന്റെ മുൻ തലവനും ഫലസ്തീൻ പ്രധാനമന്ത്രിയുമായിരുന്ന ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാർഷികത്തിൽ തെഹ്റാനിൽ ആയിരങ്ങൾ പ​ങ്കെടുത്ത ചടങ്ങ് സംഘടിപ്പിച്ചു. തെഹ്റാനിലെ ആസാദി സ്ക്വയറിൽ നടന്ന ചടങ്ങിൽ ഇറാനിലെ ഹമാസ് പ്രതിനിധിയായ ഖാലിദ് ഖദ്ദൂമിയും പങ്കെടുത്തതായി ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

തെഹ്റാനിൽ വർഷംതോറും സംഘടിപ്പിക്കുന്ന ‘മുഹർറം ശഹർ’ സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് അനുസ്മരണം നടന്നത്. പ്രതിരോധത്തിന്റെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്ന വ്യക്തികൾക്കുമുള്ള ആദരസൂചക പരിപാടികൾ, പൊതുയോഗങ്ങൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയാണ് മുഹർറം ശഹറിന്റെ ഭാഗമായി അരങ്ങേറാറുള്ളത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് ഫലസ്തീൻ, ഇറാൻ പതാകകളും ഹനിയ്യയുടെയും ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെയും അടക്കം ചിത്രങ്ങളുമായി ചടങ്ങിനെത്തിയത്. 



2024 ജൂലൈ 31ന് തെഹ്റാനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിലാണ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടത്. ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെഷെസ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായാണ് അദ്ദേഹം അന്ന് തെഹ്റാനിലെത്തിയത്.

ഹനിയ്യയുടെ വധത്തെ തുടർന്ന് ലോകത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇറാനിലും ഫലസ്തീൻ പ്രദേശങ്ങളിലുമടക്കം നിരവധി രാജ്യങ്ങളിൽ അനുസ്മരണ സമ്മേളനങ്ങളും പ്രാർഥനാ ചടങ്ങുകളും സംഘടിപ്പിക്കപ്പെട്ടു. ഖത്തർ തലസ്ഥാനമായ ദോഹയിലാണ് ഖബറടക്ക ചടങ്ങുകൾ നടന്നത്.

ഗസ്സയിലെ അൽ ഷാതി അഭയാർഥി ക്യാമ്പിലാണ് ഹനിയ്യ ജനിച്ചത്. ഗാസയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദം നേടി. ഹമാസിന്റെ സ്ഥാപകനായ ശൈഖ് അഹമ്മദ് യാസീനിന്റെ അടുത്ത അനുയായിയായാണ് അദ്ദേഹം സംഘടനയുടെ നേതൃനിരയിലേക്ക് ഉയർന്നത്. 2006ൽ ഹമാസ് ഫലസ്തീൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് ഹനിയ്യ ഫലസ്തീൻ അതോറിറ്റിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. 2007 മുതൽ 2014 വരെ ഗസ്സയിലെ ഹമാസ് നേതൃത്വത്തിലുള്ള സർക്കാറിന്റെ മേധാവിയായി സേവനംചെയ്തു.

Tags:    
News Summary - ഹനിയ്യയുടെ രക്തസാക്ഷിത്വത്തിന് രണ്ടാണ്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.