പാക് കൊടുമുടിയിലെ ഹിമപാതം: പ്രശസ്ത പർവതാരോഹകൻ നിർമൽ പുർജയെയും സംഘത്തെയും കാണാതായി, നാല് മൃതദേഹങ്ങൾ ക​ണ്ടെത്തി

ഇസ്‍ലാമാബാദ്: ലോകപ്രശസ്ത പർവതാരോഹകനും ബ്രിട്ടീഷ് പൗരനുമായ നിർമൽ ‘നിംസ്’ പുർജ ഉൾപ്പെടെ പത്തംഗ അന്താരാഷ്ട്ര പർവതാരോഹക സംഘത്തെ പാകിസ്താനിലെ ബ്രോഡ് പീക്ക് പർവതത്തിലുണ്ടായ ഹിമപാതത്തെ തുടർന്ന് കാണാതായി. ലോകത്തിലെ 12ാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 8051 മീറ്റർ ഉയരമുള്ള ബ്രോഡ് പീക്കിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. പാകിസ്താൻ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും പ്രത്യേക രക്ഷാസംഘങ്ങളും വ്യാപക തെരച്ചിൽ തുടരുകയാണ്.

ഇതുവരെ നാല് മൃതദേഹങ്ങൾ ഗ്രൗണ്ട് ടീമുകൾ കണ്ടെടുത്തതായി ആൽപൈൻ ക്ലബ്ബിന്റെ പ്രസിഡന്റ് ഇർഫാൻ അർഷാദ് ഖാൻ പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നേപ്പാൾ, പാകിസ്താൻ, അമേരിക്ക, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള പർവതാരോഹകരാണ് സംഘത്തിലുണ്ടായിരുന്നത്. ഏകദേശം 6600 മീറ്റർ ഉയരത്തിലെത്തിയ ശേഷമാണ് സംഘവുമായുള്ള ബേസ് ക്യാമ്പിന്റെ ബന്ധം പൂർണമായും നഷ്ടമായത്. ഹിമപാതത്തിൽപ്പെട്ട സംഘത്തിന്റെ അവസാന ജി.പി.എസ് സിഗ്നൽ ലഭിച്ച സ്ഥലത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ രക്ഷാപ്രവർത്തനം.

നിർമൽ പുർജയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ നിരവധി പരിചയസമ്പന്നരായ ഷെർപ്പ ഗൈഡുകളും ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയും ഉയരവും കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥ അനുകൂലമായതോടെ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.

നേപ്പാൾ വംശജനായ 43കാരനായ നിർമൽ പുർജ ലോകത്തിലെ ഏറ്റവും പ്രശസ്തരായ പർവതാരോഹകരിലൊരാളാണ്. 2019ൽ ലോകത്തെ എട്ടായിരം മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ വെറും 189 ദിവസങ്ങൾക്കുള്ളിൽ കീഴടക്കി അദ്ദേഹം ലോകശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ ഈ അപൂർവ നേട്ടം ആസ്പദമാക്കി പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘14 പീക്ക്സ്: നത്തിങ് ഈസ് ഇംപോസിബിൾ’ (14 Peaks: Nothing Is Impossible) ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. നിർമൽ പുർജ ബ്രിട്ടീഷ് സൈന്യത്തിലും, ഗൂർഖാസ് ബ്രിഗേഡിലും, പിന്നീട് യു.കെയിലെ റോയൽ നേവിയുടെ ഒരു എലൈറ്റ് യൂണിറ്റായ സ്പെഷ്യൽ ബോട്ട് സർവീസിലും 16 വർഷം സൈനികനായിരുന്നു.

Tags:    
News Summary - Climber Nirmal Purja Missing on Pakistan Peak Four Bodies Found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.