കറക്കാസ്: ഏറ്റുമുട്ടൽ സ്വരത്തിൽനിന്ന് മലക്കം മറിഞ്ഞ്, അമേരിക്കയുമായി സഹകരണത്തിനും പരസ്പര ബഹുമാനത്തോടെയുള്ള ഉഭയകക്ഷി ബന്ധത്തിനും തയാറാണെന്ന് പ്രഖ്യാപിച്ച് വെനിസ്വേലയയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. ഇതുവരെ പുലർത്തിയ വെല്ലുവിളി നിലപാട് പാടേ മാറ്റിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അനുരഞ്ജനത്തിന് തയാറാണെന്ന സൂചന അവർ നൽകിയത്.
ഇൻസ്റ്റഗ്രാമിൽ ഇംഗ്ലീഷിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഡെൽസിയുടെ നിലപാട് മാറ്റം. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി പരസ്പര വികസനത്തിന് സഹകരിക്കുന്നതിനുള്ള സന്നദ്ധതയാണ് അവർ പ്രകടിപ്പിച്ചത്. അമേരിക്കൻ ആവശ്യങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് അനുരഞ്ജന സ്വരവുമായി ഡെൽസി റോഡ്രിഗസ് രംഗത്തെത്തിയത്. നേരത്തെ മദൂറോയെ തട്ടിക്കൊണ്ടുപോയതിനെ അവർ ശക്തമായി അപലപിച്ചിരുന്നു. ന്യൂയോർക്കിലെ തടങ്കൽ പാളയത്തിൽ പാർപ്പിച്ചിരുന്ന മദൂറോയെയും ഭാര്യയെയും തിങ്കളാഴ്ച രാത്രി കോടതിയിൽ ഹാജരാക്കി.
അതിനിടെ, വെനിസ്വേലക്ക് പിന്നാലെ കൊളംബിയയെ ആക്രമിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് ഇപ്പോൾ കൊളംബിയ ഭരിക്കുന്നത്. ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ല. കൊളംബിയയെ ആക്രമിക്കാനുള്ള നല്ല സമയമാണിതെന്ന് താൻ കരുതുന്നുവെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യു.എസിലേക്ക് കൊക്കെയ്ൻ വ്യാപകമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് കൊളംബിയയെന്ന് ട്രംപ് ആരോപിച്ചു.
അപ്രതീക്ഷിതമായി പ്രസിഡന്റ് നികളസ് മദൂറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയ അമേരിക്കൻ സൈനിക നടപടിയിൽ വെനിസ്വേലക്കാരുടെ അമ്പരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല. ആശങ്കയും ഭീതിയും ആഹ്ലാദവും നിറഞ്ഞ മുഖങ്ങളാണ് രാജ്യത്ത് കാണുന്നത്. ഇനിയെന്ത് എന്നതാണ് എല്ലാവരും ചോദിക്കുന്നത്.
ദൈനംദിന ജീവിതം ഇനിയും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. നിരവധി കടകളും റസ്റ്റാറന്റുകളും പള്ളികളും അടഞ്ഞുകിടന്നു. തെരുവുകളിൽ കണ്ടവരുടെ മുഖങ്ങളിലെല്ലാം അമ്പരപ്പ് പ്രകടമായിരുന്നു. അമേരിക്കൻ സൈനിക നടപടിയിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വെനിസ്വേലൻ അധികൃതർ പറയുന്നുണ്ട്. എന്നാൽ, കൃത്യമായ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ വെനിസ്വേലക്ക് പുതിയ കാര്യമല്ല. എന്നാൽ, ശനിയാഴ്ച പുലർച്ചെയുണ്ടായ സൈനിക നടപടി ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. സുരക്ഷിതമായ അധികാര കൈമാറ്റമുണ്ടാകുന്നതുവരെ വെനലിസ്വേലയെ അമേരിക്ക ഭരിക്കുമെന്നാണ് ട്രംപ് ആദ്യം പറഞ്ഞത്. എന്നാൽ, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഈ നിലപാടിൽ മയം വരുത്തി. നയപരമായ മാറ്റത്തിനുവേണ്ടി വെനിസ്വേലയിലെ എണ്ണ സമ്പത്തിന്റെ നിയന്ത്രണം ഉപയോഗിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല.
മദൂറോയുടെ പതനത്തിൽ സന്തോഷിക്കുന്നവരും വേദനിക്കുന്നവരും രാജ്യത്തുണ്ട്. 2024ലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അടിച്ചമർത്തലും മർദനവും പലരുടെയും ഓർമകളിലേക്കെത്തി. 28 പേരാണ് അന്നത്തെ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. 220 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2000ത്തോളം പേരെ തടവിലാക്കുകയും ചെയ്തു. അന്ന് ക്രൂരമായ അടിച്ചമർത്തൽ നേരിട്ടവർ ഇപ്പോൾ സന്തോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.