ആശുപത്രിക്കിടക്കയിൽ പെൺകുട്ടി​യെ ​കൊലപ്പെടുത്തിയ സംഭവം: ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി

ഗസ്സ: വീടിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ കാൽ നഷ്ടപ്പെട്ട 12കാരിയെ ചികിത്സയിൽ കഴിയുന്ന ആശുപത്രിക്കിടക്കയിലേക്ക് ഷെല്ലാക്രമണം നടത്തി കൊലപ്പെടുത്തിയ ഇസ്രായേൽ ക്രൂരതയിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. നേരത്തെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട, വലതുകാൽ മുറിച്ചുമാറ്റപ്പെട്ട ദുൻയാ അബൂ മുഹ്സിന് നേ​രെ നടന്ന ആക്രമണം കട​ുത്ത ആശങ്ക സൃഷ്ടിക്കുന്നതാ​ണെന്ന് അദ്ദേഹം പറഞ്ഞു.

അൽനാസർ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു ലോകത്തെ ഞെട്ടിച്ച കൊലപാതകം. ദുൻയാ അബൂ മുഹ്സിൻ കൊല്ലപ്പെട്ട ആശുപത്രിയിലെ പീഡിയാട്രിക് യൂണിറ്റ് ഐക്യരാഷ്ട്ര സഭ സംഘം സന്ദർശിച്ചതായും ടെഡ്രോസ് അദാനോം അറിയിച്ചു. “ഡിസംബർ 7നാണ് ലോകാരോഗ്യ സംഘടന പ്രവർത്തകർ അവസാനമായി അൽനാസർ ആശുപത്രി സന്ദർശിച്ചത്. നിലവിൽ ആശുപത്രിയുടെ അവസ്ഥ വളരെ പരിതാപകരമാണ്’ - ടെഡ്രോസ് എക്സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 1,000ലധികം രോഗികളും കുടിയിറക്കപ്പെട്ട 4,000ലേറെ ഗസ്സക്കാരും ഇവിടെ അഭയം തേടി കഴിയുന്നുണ്ട്.‘തങ്ങളുടെ ജീവൻ അപകടത്തിലാ​െണന്നാണ് ആശുപത്രി ജീവനക്കാർ ലോകാരോഗ്യ സംഘടനയിലെ സഹപ്രവർത്തകരോട് പറഞ്ഞത്. അവർക്ക് എത്രനാൾ അൽനാസറിൽ സുരക്ഷിതമായി തുടരാൻ കഴിയുമെന്ന് ഒരുറപ്പുമില്ല. ഗസ്സയിലെ പൗരന്മാർക്ക് സമാധാനം ആവശ്യമാണ്. ഇസ്രായേലും ഹമാസും ഉടൻ വെടിനിർത്തൽ നടപ്പാക്കണം’ -അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ തൊടുത്തുവിട്ട ഷെൽ ആശുപത്രി സീലിങ്ങിലേക്ക് തുളച്ചുകയറുകയും നേരിട്ട് ദുൻയായുടെ ദേഹത്ത് പതിച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് അൽ നാസർ ​ആശുപത്രി മെഡിക്കൽ ഡയക്ടർ ഡോ. മുഹമ്മദ് സഖൗത്ത് അൽ ജസീറയോട് പറഞ്ഞു. ‘അവളുടെ തലയുടെ ഭാഗങ്ങളും രക്തവും ഈ ഭിത്തിയിലേക്ക് ചിതറിത്തെറിച്ചത് നിങ്ങൾക്ക് കാണാനാകും. ഇത് ക്രൂരമായ കുറ്റകൃത്യമാണ്. ഉറ്റവർക്ക് പിന്നാലെ അവസാനം അവളുടെയും ജീവൻ നഷ്ടപ്പെട്ടു. ശത്രു ദുനിയയെ കൊന്നു. അവളുടെ എല്ലാ പ്രതീക്ഷകളെയും കൊന്നു. ആക്രമണത്തിന് മുമ്പ് ഞങ്ങൾക്ക് മുന്നറിയിപ്പോ ഒഴിപ്പിക്കൽ ഉത്തരവോ തന്നിട്ടില്ല. ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റിന് നേരെ ഷെല്ലാക്രമണം നടത്തുന്നതിന് മുമ്പ് ശത്രു ഒന്നും പറഞ്ഞില്ല.... ” -ഡോ. സഖൗത്ത് പറഞ്ഞു.

Tags:    
News Summary - ‘Deeply concerning’: WHO chief on situation inside Nasser Hospital after Donia Abu Muhsin killed in Israeli attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.