ഗസ്സ: കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുന്ന ഇസ്രായേൽ ക്രൂരത തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 344 ഫലസ്തീൻ കുഞ്ഞുങ്ങളെ ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തി. ഇവരടക്കം 756 പേരാണ് ഇന്നലെ രക്തസാക്ഷികളായത്. ഇതോടെ ഒക്ടോബർ ഏഴുമുതൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 6,546 ആയി. ഇതിൽ 2,704 കുട്ടികളാണെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 17,439 ആയി. അതിനിടെ, ഗസ്സയിലെ ആരോഗ്യ സംവിധാനം പൂർണമായും പ്രവർത്തനരഹിതമാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അഷ്‌റഫ് അൽ ഖുദ്ര അറിയിച്ചു. ബോംബിങ്, ജീവനക്കാരുടെയും മെഡിക്കൽ അവശ്യവസ്തുക്കളുടെ അഭാവം, ഇന്ധനക്ഷാമം എന്നിവയാണ് പ്രധാനകാരണങ്ങൾ.
ആരോഗ്യസംവിധാനം പുനസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ വേണം. ആശുപത്രികൾ സേവനം നിർത്തുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ മുന്നറിയിപ്പുകൾ അന്താരാഷ്ട്ര സമൂഹം വേണ്ടവിധം കണക്കിലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഗസ്സയിലെ ആക്രമണം ഉടനടി നിർത്തണമെന്നും ഉപരോധം പിൻവലിക്കണമെന്നും യു.എസ്. പ്രസിഡൻറ് ജോ ബൈഡനോട് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. ഫോൺ സംഭാഷണത്തിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. ചൊവ്വാഴ്ച രാത്രി ജോ ബൈഡൻ കിരീടാവകാശിയെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു.
നിരപരാധികളുടെ ജീവനെടുക്കുന്ന സൈനിക നടപടി ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്. അതിനുള്ള വഴികൾ ചർച്ച ചെയ്യാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഏതെങ്കിലും വിധത്തിൽ സിവിലിയന്മാരെയും അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നതും ആളുകളെ സ്വന്തം മണ്ണിൽനിന്ന് നാടുകടത്താൻ നിർബന്ധിതമാക്കുന്നതും അംഗീകരിക്കാനാവില്ലെന്നും കിരീടാവകാശി കടുത്ത ഭാഷയിൽ പറഞ്ഞു. ആക്രമണം നിർത്തി സമാധാനം പുനഃസ്ഥാപിക്കണം. സ്ഥിതിഗതികൾ വഷളാകുന്നത് തടയണം. അല്ലെങ്കിൽ അത് മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും അേദ്ദഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കണം. ഗസ്സയിലെ ഉപരോധം ഉടൻ പിൻവലിക്കുകയും വേണം. അടിസ്ഥാന സേവനങ്ങൾ സംരക്ഷിക്കുകയും മാനുഷിക, വൈദ്യസഹായം എത്തിക്കാൻ അനുവദിക്കുകയും വേണമെന്നും കിരീടാവകാശി പറഞ്ഞു. ഫലസ്തീൻ ജനത അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും നീതിപൂർവകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനും സമാധാനത്തിെൻറ പാത പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കേണ്ടതിെൻറ പ്രാധാന്യവും കിരീടാവകാശി ബൈഡനോട് ചൂണ്ടിക്കാട്ടി. ആക്രമണം ഇല്ലാതാക്കാനും മേഖലയിൽ അത് വ്യാപിക്കുന്നത് തടയുന്നതിനും സൗദി നടത്തുന്ന ശ്രമങ്ങൾക്ക് യു.എസ് പ്രസിഡൻറ് കിരീടാവകാശിയോട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.