ബെഞ്ചമിൻ നെതന്യാഹു
ജറൂസലം: 2023 ഒക്ടോബർ ഏഴിന് നടന്ന ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഫലസ്തീനികളെ പരസ്യവിചാരണ നടത്തി, വധശിക്ഷ നടപ്പാക്കാൻ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുന്ന ബില്ലിന് ഇസ്രായേൽ പാർലമെന്റ് അംഗീകാരം നൽകി. 120 സീറ്റുകളുള്ള നെസെറ്റിൽ ബിൽ എതിരില്ലാത്ത 93 വോട്ടിന് പാസായി. 27 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. നീക്കത്തിനെതിരെ ഉയർന്ന ആഗോള വിമർശനങ്ങൾ അവഗണിച്ചാണ് ഇസ്രായേൽ നടപടി.ഫലസ്തീനികളെ കൂട്ടത്തോടെ ശിക്ഷിക്കാൻ അധികാരം നൽകുന്നതും കുറ്റാരോപിതരുടെ നിയമ പരിരക്ഷകൾ ഇല്ലാതാക്കുന്നതുമാണ് ബിൽ എന്ന് ഇസ്രായേലിലെ അറബ് മൈനോറിറ്റി റൈറ്റ്സ് അഭിഭാഷകയായ മുന ഹദ്ദാദ് പറഞ്ഞു.
കോടതിമുറി കാമറകൾ സാധാരണയായി നിരോധിക്കുന്ന ഇസ്രായേലി ജുഡീഷ്യൽ രീതികളിൽ നിന്ന് വ്യത്യസ്തമായി, വിചാരണ ചിത്രീകരിക്കാനും തൽസമയം സംപ്രേഷണം ചെയ്യാനും ബിൽ അനുവദിക്കുന്നുണ്ട്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടയാൾക്ക് അപ്പീലിന് അവകാശമുണ്ടെങ്കിലും സാധാരണ അപ്പീൽ കോടതികളിൽ പോകാനാവില്ല; പകരം, പ്രത്യേക കോടതികളെ സമീപിക്കണം. ഇതെല്ലാം ഇരകൾക്ക് നീതിനിഷേധിക്കപ്പെടാനേ കാരണമാകൂ എന്നുമാണ് വിമർശനം. ഇസ്രായേലിന്റെ തെക്കൻ അതിർത്തിയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,139 പേർ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 240 പേരെ തടവുകാരായി പിടികൂടി. ഗസ്സയിൽ ഇസ്രായേൽ നടത്തിയ വംശഹത്യയിൽ കുറഞ്ഞത് 72,628 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.