ദോഹ: ഖത്തറിനെ ആഗോള സ്വാധീനമുള്ള രാഷ്ട്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച, അന്തരിച്ച മുൻ ഭരണാധികാരി പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽ ഥാനിക്ക് ആയിരങ്ങളുടെ വിട. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ നിര്യാണവാർത്ത ഔദ്യോഗികമായി അറിയിച്ചത്. തുടർന്ന് ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ മഗ്രിബ് നമസ്കാരത്തിന് ശേഷം ജനാസ നമസ്കാരം നടന്നു.
പരമ്പരാഗത ഖത്തറി വേഷം ധരിച്ചെത്തിയ നൂറുകണക്കിന് പേർ ജനാസ നമസ്കാരത്തിൽ പങ്കെടുത്തു. നിലവിലെ ഖത്തർ അമീറും അദ്ദേഹത്തിന്റെ മകനുമായ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ശൈഖ് തമീമും മറ്റു മക്കളും ചേർന്നാണ് മസ്ജിദിൽ നിന്ന് മയ്യിത്ത് പുറത്തേക്ക് ചുമന്നുകൊണ്ടുപോയത്. പിന്നീട് ദോഹയുടെ വടക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലുസൈൽ ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.സംസ്കാരച്ചടങ്ങുകൾ പരമ്പരാഗത രീതിയിൽ വളരെ ലളിതമായിരുന്നു.
1995 മുതൽ 2013 വരെ നീണ്ട 18 വർഷക്കാലം ഖത്തറിന്റെ അമീറായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ ആൽ ഥാനി, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങൾക്ക് അടിത്തറയിട്ട നേതാവാണ്. ആധുനിക ഖത്തറിന്റെ മുന്നേറ്റത്തിന് നിർണായക സംഭാവനകൾ നൽകിയ അദ്ദേഹം, തന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണത്തിലൂടെ രാജ്യത്തെ ആഗോള ഭൂപടത്തിൽ മുൻനിരയിലേക്ക് നയിച്ചു.
1995 ജൂൺ 27 ന് അധികാരമേറ്റയുടനെ വികസന, പരിഷ്കരണ പദ്ധതികളും പരിപാടികളും അദ്ദേഹം ആവിഷ്കരിച്ചു. 1952 ജനുവരിയിൽ ദോഹയിൽ ജനിച്ച ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പ്രശസ്തമായ ബ്രിട്ടീഷ് റോയൽ മിലിട്ടറി അക്കാദമിയിൽ (സാൻഡ്ഹേഴ്സ്റ്റ്) നിന്ന് ബിരുദം നേടി. തുടർന്ന് ഖത്തർ സായുധ സേനയിൽ ചേർന്ന അദ്ദേഹം മേജർ ജനറൽ പദവി സ്ഥാനവും വഹിച്ചു.
ഖത്തർ സായുധ സേനയുടെ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ഇക്കാലയളവിൽ നിർണായക പങ്ക് വഹിച്ചു. 1977 മേയ് 31ന് കിരീടാവകാശിയായും പ്രതിരോധ മന്ത്രിയായും നിയമിതനായി. 1989ൽ സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ചെയർമാനായും ചുമതലയേറ്റു. ഖത്തറിന്റെ സാമ്പത്തിക വളർച്ചക്കൊപ്പം, വലിയ രാഷ്ട്രീയ പരിഷ്കാരങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു.
ഖത്തറിന്റെ ചരിത്രത്തിലെ ആദ്യത്തെ സ്ഥിരം ഭരണഘടന നിർമിച്ചതും, സ്ത്രീകൾക്ക് വോട്ട് ചെയ്യാനും സ്ഥാനാർഥിയാകാനുമുള്ള അവകാശം നൽകിക്കൊണ്ട് മുൻസിപ്പൽ തെരഞ്ഞെടുപ്പ് ആരംഭിച്ചതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.
2022ലെ ഫിഫ ലോകകപ്പ് ഫുട്ബാളിന് ഖത്തർ ആതിഥേയത്വം വഹിച്ചതിന് പിന്നിലെ പ്രധാന പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിനെത്തിയ അദ്ദേഹത്തെ സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് ആരാധകർ എഴുന്നേറ്റ് നിന്ന് വലിയ കൈയടികളോടെയാണ് വരവേറ്റത്. ഒട്ടനവധി അന്താരാഷ്ട്ര ബഹുമതികളും പുരസ്കാരങ്ങളും നേടിയിട്ടുള്ള അദ്ദേഹം, 18 വർഷത്തെ വിജയകരമായ ഭരണത്തിന് ശേഷം 2013 ജൂൺ 25ന് മകനും കിരീടാവകാശിയുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഭരണം കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.