സ്റ്റാർഷിപ്പിന് ബദലായി യൂറോപ്പിന്റെ 'ആർ.എൽ.വി സി5'; പുതിയ റീയൂസബിൾ റോക്കറ്റ് ആശയവുമായി ജർമൻ ഗവേഷകർ...

 ലോക ബഹിരാകാശ രംഗത്ത് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ അതിന് ബദലായി പുതിയൊരു റോക്കറ്റ് ആശയവുമായി യൂറോപ്പ് രംഗത്ത്. ജർമൻ ഏറോസ്പേസ് സെന്റർ (DLR) പുറത്തുവിട്ട പഠനത്തിലാണ് 'ആർ.എൽ.വി സി5' (RLV C5) എന്ന പേരിലുള്ള പുതിയ വിക്ഷേപണ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. സ്റ്റാർഷിപ്പിനെപ്പോലെ പൂർണമായും പുനരുപയോഗിക്കാൻ കഴിയുന്നതല്ലെങ്കിലും കൂടുതൽ കാര്യക്ഷമമായ ഒരു സംവിധാനമാണ് യൂറോപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്റ്റാർഷിപ്പിന്റെ രീതിയിൽ നിന്ന് വ്യത്യസ്തമായി ഭാഗികമായി മാത്രം പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റാണ് ആർ.എൽ.വി സി5. ഇതിന്റെ ബൂസ്റ്റർ ഘട്ടം മാത്രമേ വീണ്ടും ഉപയോഗിക്കാൻ കഴിയൂ. റോക്കറ്റിന്റെ മുകൾ ഭാഗം വിക്ഷേപണത്തിന് ശേഷം ഉപേക്ഷിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. സ്റ്റാർഷിപ്പിൽ മീഥെയ്നും ലിക്വിഡ് ഓക്സിജനുമാണ് ഉപയോഗിക്കുന്നതെങ്കിൽ കൂടുതൽ കാര്യക്ഷമതയുള്ള ലിക്വിഡ് ഹൈഡ്രജനും ലിക്വിഡ് ഓക്സിജനുമാണ് ആർ.എൽ.വി സി5-ൽ ഉപയോഗിക്കുന്നത്. ലംബമായി തറയിലിറങ്ങുന്ന സ്റ്റാർഷിപ്പിൽ നിന്ന് വ്യത്യസ്തമായി ചിറകുകളുള്ള ഇതിന്റെ ബൂസ്റ്റർ വിമാനം പോലെ അന്തരീക്ഷത്തിലൂടെ ഗ്ലൈഡ് ചെയ്ത് തിരികെ വരും. പിന്നീട് ആകാശത്തുവെച്ച് ഒരു വലിയ വിമാനത്തിന്റെ സഹായത്തോടെ ഇതിനെ പിടിച്ചെടുക്കുകയാണ് ചെയ്യുക. ഇതിനായി പ്രത്യേക ഇന്ധനം കരുതിവെക്കേണ്ടതില്ലാത്തതിനാൽ കൂടുതൽ ഭാരം ബഹിരാകാശത്തേക്ക് എത്തിക്കാൻ ഈ റോക്കറ്റിന് സാധിക്കും.

സ്റ്റാർഷിപ്പിന്റെ ഭാരത്തിന്റെ 40 ശതമാനം മാത്രമാണ് പേലോഡ് ആയി എത്തിക്കാൻ കഴിയുന്നതെങ്കിൽ, ആർ.എൽ.വി സി5-ന് സ്വന്തം ഭാരത്തിന്റെ 74 ശതമാനവും പേലോഡ് ആയി ബഹിരാകാശത്ത് എത്തിക്കാൻ കഴിയുമെന്നാണ് ഡി.എൽ.ആറിന്റെ അവകാശവാദം. സ്റ്റാർഷിപ്പിന് 100 മെട്രിക് ടണ്ണിലധികം ഭാരം ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുണ്ടെങ്കിലും, ആർ.എൽ.വി സി5-ന് ഏകദേശം 70 ടണ്ണിലേറെ ഭാരം മാത്രമേ എത്തിക്കാൻ സാധിക്കൂ. എങ്കിലും നിർമ്മാണത്തിലെ ലാളിത്യവും ചെലവുകുറഞ്ഞ രീതിയും യൂറോപ്പിന്റെ ബഹിരാകാശ ദൗത്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നത്. സ്പേസ് എക്സിന്റെ ഇതുവരെയുള്ള വിക്ഷേപണങ്ങളുടെ വീഡിയോകൾ സൂക്ഷ്മമായി പഠിച്ച ശേഷമാണ് ഡി.എൽ.ആർ ഗവേഷകർ ഈ പുതിയ മാതൃക തയ്യാറാക്കിയത്.

Tags:    
News Summary - Europe's 'RLV C5' as an alternative to Starship; German researchers unveil new reusable rocket concept.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.