മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം

മാഡ്രിഡ്: മുൻ സ്പാനിഷ് പ്രധാനമന്ത്രി ഹൊസെ ലൂയിസ് റോഡ്രിഗസ് സാപറ്റേറോയ്‌ക്കെതിരെയുള്ള അഴിമതിക്കേസിൽ രണ്ട് ദിവസത്തെ വിചാരണ മാഡ്രിഡിലെ പ്രത്യേക കോടതിയിൽ ആരംഭിച്ചു. സാമ്പത്തിക ക്രമക്കേടുകളും വഴിവിട്ട സ്വാധീനം ചെലുത്തലുമാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണങ്ങൾ. അഴിമതിക്കേസിൽ പ്രതിയായി കോടതിയിൽ ഹാജരാകേണ്ടി വരുന്ന ആദ്യ മുൻ സ്പാനിഷ് പ്രധാനമന്ത്രി കൂടിയാണ് സാപറ്റേറോ.

2004 മുതൽ 2011 വരെ സ്പെയിൻ ഭരിച്ച സാപറ്റേറോ, പ്ലസ് അൾട്ര എന്ന സ്വകാര്യ എയർലൈൻ കമ്പനിക്ക് കോവിഡ് പ്രതിസന്ധിക്കാലത്ത് 53 മില്യൺ യൂറോ സർക്കാർ സഹായം ലഭ്യമാക്കാൻ വഴിവിട്ട സ്വാധീനം ചെലുത്തി എന്നാണ് പ്രധാന ആരോപണം. സാപറ്റേറോ കൈക്കൂലി വാങ്ങിയതായും രഹസ്യ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും അന്വേഷണ ജഡ്ജി ഹൊസെ ലൂയിസ് കലാമ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സാപറ്റേറോയുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ 1.3 മില്യൺ യൂറോ വിലമതിക്കുന്ന ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ടെടുത്തിരുന്നു. ഇതേ തുടർന്ന് നികുതി വെട്ടിപ്പ്, കള്ളക്കടത്ത് എന്നീ കുറ്റങ്ങളും ഇദ്ദേഹത്തിനുമേൽ ചുമത്തിയിട്ടുണ്ട്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം സാപറ്റേറോ നിഷേധിച്ചു.

നിലവിലെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ രാഷ്ട്രീയ ഉപദേശകൻ കൂടിയാണ് സാപറ്റേറോ. സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസ്, സഹോദരൻ ഡേവിഡ് സാഞ്ചസ്, മുൻ മന്ത്രി ഹൊസെ ലൂയിസ് അബാലോസ് എന്നിവർക്കെതിരെയും സമാനമായ അഴിമതി അന്വേഷണങ്ങൾ നിലവിൽ പുരോഗമിക്കുന്നുണ്ട്. വിദേശനയങ്ങളിലും അന്താരാഷ്ട്രതലത്തിലും മികച്ച പ്രതിച്ഛായയുണ്ടായിരുന്ന സാഞ്ചസിന്, സ്വന്തം കുടുംബാംഗങ്ങളും രാഷ്ട്രീയ സുഹൃത്തുക്കളും അഴിമതി നിഴലിലായത് വലിയ തിരിച്ചടിയായി.

2018-ൽ പ്രതിപക്ഷത്തിന്റെ അഴിമതി ഉയർത്തിക്കാട്ടിയാണ് സാഞ്ചസ് അധികാരത്തിൽ വന്നത്. എന്നാൽ, തുടർച്ചയായ അഴിമതി ആരോപണങ്ങൾ വലിയ രാഷ്ട്രീയ ആഘാതമാണ് അദ്ദേഹത്തിനുണ്ടാക്കിയത്. കഴിഞ്ഞ വർഷം ഒടുവിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് നേരിട്ട കനത്ത പരാജയം ഇതിന്റെ സൂചനയാണ്. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി രാജിവെക്കണമെന്നും രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, നിലവിലെ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന നിലപാടിലാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്.

Tags:    
News Summary - Corruption investigation against former Spanish Prime Minister Zapatero

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.