കോവിഡ് ഭീതി വീണ്ടും; മനുഷ്യരിൽ മാത്രമല്ല മത്സ്യത്തിനും ഞണ്ടിനുംവരെ ടെസ്റ്റ് നടത്തി ചൈന

ഒരിടവേളയ്ക്കു ശേഷം കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്ന് ചൈന. ഷിൻജിയാങ്ങിൽ കോവിഡ് നിരക്കുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ‌ നടപ്പാക്കുന്നത്. ചൈനയുടെ തീരപ്രദേശങ്ങളിലൊന്നായ ഷ്യാമെന്നിലും കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. അതുകൊണ്ട് തന്നെ പരിശോധനകളും വര്‍ധിപ്പിച്ചു. 50 ലക്ഷത്തിലധികം പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായിട്ടുള്ളത്. കൂടാതെ ചില സമുദ്ര ജീവികളേയും പരിശോധനക്ക് വിധേയമാക്കിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

സൗത്ത് ചൈനി മോര്‍ണിങ് പോസ്റ്റ് (എസ്.സി.എം.പി) ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പി.പി.ഇ കിറ്റുകളിട്ടവര്‍ മീന്‍, ഞണ്ട് തുടങ്ങിയവയുടെ സ്വാബെടുക്കുന്നത് കാണാം. വീഡിയോ വൈറലായതോട് വലിയ ചര്‍ച്ചകളും ചൈനീസ് മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആരംഭിച്ചു. ചിലര്‍ അധികാരികളുടെ മണ്ടത്തരമാണിതെന്നാണ് വിശേഷിപ്പിച്ചത്. മറ്റ് ചിലര്‍ പിന്തുണയുമായി എത്തുകയും ചെയ്തു.

'മാഹാമാരി നിയന്ത്രിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പിന്തുടരണം. മത്സ്യതൊഴിലാളികള്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. കടലില്‍ പോകുന്നവര്‍ ദിവസം ഒരു തവണ കോവിഡ് പരിശോധന നടത്തണം. കടലില്‍ നിന്ന് തിരിച്ചെത്തിയാല്‍ മത്സ്യത്തൊഴിലാളികളും മത്സ്യവും മറ്റ് കടല്‍ ജീവികളേയും പരിശോധിക്കണം'-മാരിടൈം പാന്‍ഡമിക് കണ്‍ട്രോള്‍ കമ്മിറ്റിയെ ഉദ്ധരിച്ചുകൊണ്ട് എസ്.സി.എം.പി വിഡിയോയില്‍ പറയുന്നു.


ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഹൈനാൻ ദ്വീപിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന വര്‍ധിപ്പിച്ചത്. ഒരു മത്സ്യവ്യാപാരിയുടെ കടയിൽ നിന്നാണ് വ്യാപനത്തിന്റെ തുടക്കമെന്ന് സർക്കാരിന്റെ നിഗമനം. ശീതീകരിച്ച ഭക്ഷണം, പാക്കേജിങ്, കോൾഡ് ചെയിൻ ഉൽപ്പന്നങ്ങൾ എന്നിവയിൽ കോവിഡ് വൈറസ് നിലനിൽക്കുമെന്ന് ചൈനയിലെ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇത്തരം ജോലികളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് രോഗം ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

വൈറസിനെ പരമാവധി തുടച്ചുനീക്കാൻ കോൺടാക്റ്റ് ട്രേസിങ്, ഐസൊലേഷൻ, ടെസ്റ്റിങ്ങുകൾ, ലോക്ഡൗൺ തുടങ്ങിയവ ഉൾപ്പെടെയുള്ള കടുത്ത മാർ​ഗങ്ങളാണ് സീറോ കോവിഡ് പോളിസിയുടെ ഭാ​ഗമായി ചൈന നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതോടനുബന്ധിച്ച് കോവി‍ഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുന്നില്ല എന്നും രോ​ഗത്തെ പൂർണമായും തുടച്ചുനീക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്.

ബുധനാഴ്ച മാത്രം 2779 കോവിഡ് കേസുകളാണ് ഷിൻജിയാങ്ങിൽ റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ ഉറുംചിയിൽ രോ​ഗപ്രതിരോധത്തിന്റെ ഭാ​ഗമായി 73ഓളം ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അയൽപക്കമായ ടിബറ്റ് ഓട്ടോണമസ് റീജ്യനിലും കോവി‍ഡ് കേസുകൾ ഉയരുകയാണ്. 2911 കോവിഡ് കേസുകളാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയെ അപേക്ഷിച്ച് 742 കേസുകൾ കൂടുതലുമായിരുന്നു.

Tags:    
News Summary - Covid in China: Fish tested amid Xiamen outbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.