വിസിറ്റ് വിസകൾ വർക്ക് പെർമിറ്റാക്കി മാറ്റുന്നത് 92ശതമാനം കുറഞ്ഞു

മനാമ: ബഹ്‌റൈനിൽ വിസിറ്റ് വിസകൾ തൊഴിൽ പെർമിറ്റുകളായി മാറ്റുന്നത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 92 ശതമാനത്തിലധികം കുറഞ്ഞതായി നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസുഫ് ഖലഫ് വെളിപ്പെടുത്തി. ഈ രീതി ഇപ്പോൾ ഇല്ലാതായെന്നും ഇതുസംബന്ധിച്ച് പുതിയ നിയമനിർമാണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പാർലമെന്റിൽ അറിയിച്ചു. മുമ്പ് വിസ മാറ്റങ്ങൾ വ്യാപകമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പാർലമെന്ററി അന്വേഷണ സമിതിയുടെ കണക്കുകൾ പ്രകാരം 2023ൽ 37,000 ഉം 2024ൽ 33,000ത്തിലധികം വിസകളും മാറ്റിയിട്ടുണ്ട്.

എന്നാൽ 2025ന്റെ ആദ്യ 9 മാസങ്ങളിൽ ആകെ 2,469 പേർ മാത്രമാണ് വിസ മാറ്റം വരുത്തിയത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 92.5% കുറവാണ്. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പുറത്തിറക്കിയ 2024ലെ 16ാം നമ്പർ തീരുമാനമാണ് ഈ നാടകീയമായ കുറവിന് കാരണമായതെന്ന് മന്ത്രി ഖലഫ് വിശദീകരിച്ചു. കൂടാതെ വിസ മാറ്റുന്നതിനുള്ള ഫീസ് 250 ദീനാർ ആയി ഉയർത്തി. വിസ മാറ്റം, അതേ സ്പോൺസർ ഉറപ്പുനൽകുന്ന കേസുകളിൽ മാത്രമായി പരിമിതപ്പെടുത്തി. ടൂറിസ്റ്റ് വിസകൾ ഒരു കാരണവശാലും വർക് പെർമിറ്റാക്കി മാറ്റാൻ കഴിയില്ല.

സ്പോൺസർ ഉള്ള വിസിറ്റ് വിസകൾക്ക് മാത്രമേ അതേ സ്പോൺസറുടെ കീഴിലുള്ള വർക് പെർമിറ്റിലേക്ക് മാറാൻ അനുമതിയുള്ളൂ. എൻട്രി വിസകൾ വർക് പെർമിറ്റുകളാക്കി മാറ്റുന്നത് എല്ലാ സാഹചര്യങ്ങളിലും നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാനും വോട്ടുചെയ്യാനും എം.പിമാർ ആവശ്യപ്പെട്ടപ്പോഴാണ് മന്ത്രി ഈ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിയത്. പാർലമെന്റ് നേരത്തേ അംഗീകരിച്ച ഈ ബിൽ, ശൂറാ കൗൺസിൽ തത്ത്വത്തിൽ തള്ളിയിരുന്നു. വിഷയം ഭരണപരമായി പരിഹരിച്ചുവെന്നും പുതിയ നിയമ നിർമാണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി ബിൽ പിൻവലിക്കാൻ സർക്കാർ എം.പിമാരോട് ആവശ്യപ്പെട്ടു.

ബിൽ പാസാക്കുകയാണെങ്കിൽ, സ്റ്റാറ്റസ് മാറ്റാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ബഹ്‌റൈൻ വിട്ട് വിദേശത്ത് നിന്ന് പുതിയ വർക് വിസയിൽ വീണ്ടും പ്രവേശിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, ബഹ്‌റൈൻ പൗരന്മാർക്കുള്ള തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിന് നിയമം ഇപ്പോഴും ആവശ്യമാണെന്ന് ചില എം.പിമാർ നിലപാടെടുത്തു. തുടർന്ന്, നിർബന്ധിത വോട്ടെടുപ്പ് നടത്തുന്നതിനു മുമ്പ് ചർച്ച രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ പാർലമെന്റ് തീരുമാനിച്ചു. പാർലമെന്റും ശൂറാ കൗൺസിലും അവരുടെ യഥാർഥ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, അന്തിമ തീരുമാനത്തിനായി ബിൽ ഒരു സംയുക്ത ദേശീയ അസംബ്ലി സെഷനിലേക്ക് അയക്കും.

Tags:    
News Summary - Conversion of visit visas into work permits has decreased by 92 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.