വാഷിങ്ടൺ: സമാധാന ചർച്ചയിൽ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാൻ തയ്യാറാവാത്ത ഇറാനെ വീണ്ടും ഭീഷണിപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമാധാന കരാറിന് സമയം അതിക്രമിച്ചുവെന്നും എത്രയും പെട്ടന്ന് കരാറിൽ എത്തിയിട്ടില്ലെങ്കിൽ ഒന്നും അവശേഷിക്കില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ട്രൂത്ത് സോഷ്യൽ പോസ്റ്റിലാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
"ഇറാനെ സംബന്ധിച്ചിടത്തോളം, സമയം കടന്നുപോകുന്നു, അവർ വേഗത്തിൽ നീങ്ങുന്നതാണ് നല്ലത്, അല്ലെങ്കിൽ അവരിൽ ഒന്നും അവശേഷിക്കില്ല. സമയമാണ് പ്രധാനം!" ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.
ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രസിഡന്റ് സംസാരിക്കുന്നതിന് മുമ്പായിരുന്നു സന്ദേശം വന്നത്.
സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾക്ക് യു.എസ് വ്യക്തമായ മറുപടി നൽകിയിട്ടില്ല. അമേരിക്ക വിട്ടുവീഴ്ച ചെയ്യാത്തത് "ചർച്ചകളിൽ സ്തംഭനാവസ്ഥ"യിലേക്ക് നയിക്കുമെന്ന് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സമാധാന ചർച്ചകൾ തങ്ങൾക്കുകൂടി സ്വീകാര്യമായ രീതിയിൽ ധാരണയിലെത്താൻ തയ്യാറാവുന്നില്ലെങ്കിൽ യു.എസുമായി നേരിട്ടുള്ള സൈനിക സംഘർഷം പുനരാരംഭിക്കാൻ ഇറാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു.
ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾ അവർക്ക് തന്നെ കനത്ത തിരിച്ചടിയാകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചി പറഞ്ഞു. ഇറാനെതിരെ അമേരിക്ക നടത്തുന്നത് 'സ്വയം തിരഞ്ഞെടുത്ത യുദ്ധം' ആണെന്നും ഇതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ യു.എസ് ജനത അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ധനവില വർധവിനും ഓഹരി വിപണിയിലെ തകർച്ചക്കുമപ്പുറം, രാജ്യത്തിന്റെ കടബാധ്യതകളും പലിശ നിരക്കുകളും കുതിച്ചുയരുമ്പോഴായിരിക്കും അമേരിക്ക യഥാർത്ഥ പ്രതിസന്ധി നേരിടുകയെന്ന് അരാക്ചി ചൂണ്ടിക്കാട്ടി. യു.എസിൽ നിലവിൽ വാഹന വായ്പ തിരിച്ചടവ് മുടങ്ങുന്നവരുടെ നിരക്ക് കഴിഞ്ഞ 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്ന സാമ്പത്തിക യാഥാർത്ഥ്യവും അദ്ദേഹം ഓർമിപ്പിച്ചു.
ഫെബ്രുവരി 28ന് ഇറാനിൽ യു.എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ കനത്ത യുദ്ധസാഹചര്യം ഉടലെടുത്തത്. തുടർന്ന് ഏപ്രിൽ എട്ടിന് പാകിസ്താന്റെ മധ്യസ്ഥതയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, തുടർന്നുള്ള സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കുകയാണ്.
അതേസമയം തെക്കൻ ലെബനാനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കി. വെടിനിർത്തൽ ലംഘിച്ച് ഇന്നലെ രണ്ടിടങ്ങളിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ പടിഞ്ഞാറൻ ബെക്കാ താഴ്‌വര, മർജയൂൺ ജില്ല, നബാത്തിഹ് ജില്ല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ആക്രമണം നടത്തി. ഇസ്രായേൽ ആക്രമണം കാരണം ഒരു ദശലക്ഷത്തിലധികം ആളുകളാണ് ലെബനാനിൽ നിന്ന് കുടിയിറക്കപ്പെട്ടത്. സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.