'പൂർണ സുരക്ഷിതമൊന്നുമല്ല'; സി.ഐ.എക്കും എഫ്.ബി.ഐക്കും വാട്സ്ആപ് മെസേജ് ഹാക്ക് ചെയ്ത് വായിക്കാനാകുമെന്ന് സക്കർബർഗ്

വാഷിങ്ടൺ: യു.എസിന്റെ രഹസ്യാന്വേഷണ സംഘമായ സി.ഐ.എക്കും അന്വേഷണ ഏജൻസിയായ എഫ്.ബി.ഐക്കും മറ്റുള്ളവരുടെ വാട്‌സ്ആപ് മെസേജുകൾ ഹാക്ക് ചെയ്ത് വായിക്കാൻ കഴിയുമെന്ന് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്. ഉപയോക്താക്കളുടെ സുരക്ഷക്കും സ്വകാര്യതക്കും പ്രാധാന്യം നൽകുന്ന പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പൂർണമായി എല്ലാം സുരക്ഷിതമാണെന്നു പറയാൻ കഴിയില്ലെന്നും അദ്ദേഹം സമ്മതിച്ചു.

എഫ്.ബി.ഐ നിങ്ങളെ അറസ്റ്റ് ചെയ്താൽ ഫോണുകൾ വാങ്ങിവെക്കാനിടയുണ്ട്. അതുവഴി ഫോണിലെ വിവരങ്ങൾ സ്വന്തമാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മെറ്റക്ക് മെസേജുകളൊന്നും വായിക്കാൻ കഴിയില്ലെന്ന് സക്കര്‍ബര്‍ഗ് ഉറപ്പുനൽകി.

അമേരിക്കൻ നടനും അവതാരകനുമായ ജോസഫ് റോഗന്റെ ‘ജോ റോഗൻ എക്‌സ്പീരിയൻസ്’ എന്ന പോഡ്കാസ്റ്റിനു നൽകിയ മൂന്നു മണിക്കൂറോളം നീണ്ട അഭിമുഖത്തിലാണ് മെറ്റ തലവൻ വാട്സ്ആപി​ന്റെ സുരക്ഷ പോരായ്മകളെക്കുറിച്ച് തുറന്നുപറഞ്ഞത്.

തന്റെ മെസേജുകളും ഇ-മെയിൽ സന്ദേശങ്ങളും നാഷനൽ സെക്യൂരിറ്റി ഏജൻസിയും സി.ഐ.എയും ചോർത്തിയതായി അമേരിക്കൻ അവതാരകൻ ടക്കർ കാൾസൻ നേരത്തേ ആരോപിച്ചത് വലിയ വിവാദമായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ അഭിമുഖം ചെയ്യാനിരിക്കെയായിരുന്നു സംഭവം. ഇതേക്കുറിച്ച് റോഗൻ ചോദ്യമുയർത്തിയപ്പോഴാണ് വാട്‌സ്ആപ് മെസേജുകളുടെ സുരക്ഷയെക്കുറിച്ച് സക്കർബർഗ് പ്രതികരിച്ചത്.

പെഗാസസ് ഉൾപ്പെടെ ചാര സോഫ്റ്റ്‌വെയറുകൾ വഴി ഫോണുകൾ ഹാക്ക് ചെയ്ത് മെസേജുകൾ വായിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ‘ഡിസപ്പിയറിങ് മെസേജസ്’ എന്ന ഓപ്ഷൻ ഞങ്ങൾ കൊണ്ടുവന്നതെന്ന് സക്കർബർഗ് സൂചിപ്പിച്ചു. എൻക്രിപ്ഷനൊപ്പം ഡിസപ്പിയറിങ് ഓപ്ഷനും ഉപയോഗിക്കുകയാണെങ്കിൽ അതു കൂടുതൽ നല്ല സുരക്ഷയാകും. നിലവിൽ ഏറ്റവും സുരക്ഷിതമായ ആപ്പുകളാണ് വാട്‌സ്ആപ്പും സിഗ്നലുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags:    
News Summary - CIA Can Read Your WhatsApp Messages, Zuckerberg Reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.