എച്ച്-1ബിക്ക് ബദൽ; കെ വിസയുമായി ചൈന

ബീജിങ്: എച്ച്-1ബി വിസക്കുള ഫീസ് വൻതോതിൽ യു.എസ് ഉയർത്തിയ തീരുമാനത്തിന് പിന്നാലെ പുതിയ സംവിധാനവുമായി ചൈന. കെ വിസയെന്ന പേരിൽ ശാസ്ത്ര-സാ​ങ്കേതിക മേഖലയിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് പുതിയ വിസ സംവിധാനം അവതരിപ്പിക്കുന്നത്. ചൈനയുടെ പ്രീമിയർ ലി ക്വിയാങ്ങാണ് പുതിയ വിസ സംവിധാനം അവതരിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ ഒന്ന് മുതൽ പുതിയ വിസ സംവിധാനം നിലവിൽ വരും.

നിലവിലുള്ള ഓർഡിനറി വിസയേക്കാളും മെച്ചമുള്ളതാണ് കെ വിസ.  രാജ്യത്തേക്കുള്ള പ്രവേശനം, വാലിഡിറ്റി, താമസത്തിന്റെ ദൈർഘ്യം എന്നിവയിലെല്ലാം കെ വിസയിൽ ചൈനീസ് സർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കെ വിസയിൽ ചൈനയിൽ എത്തുന്നവർ വിദ്യാഭ്യാസം, സംസ്കാരം, സയൻസ്, സാ​ങ്കേതികവിദ്യ എന്നീ മേഖലകളിലെല്ലാം പ്രവർത്തിക്കാം. സംരഭകത്വ-ബിസിനസ് സ്ഥാപനങ്ങളും തുടങ്ങാം.രാജ്യത്ത് യുവപ്രതിഭകളുടെ സേവനം ആവശ്യമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവപ്രതിഭകളെ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ വിസ​ സേവനം തുടങ്ങുന്നതെന്ന് ചൈന അറിയിച്ചു.

എച്ച്-1ബി വിസക്ക് പുതിയ നിരക്ക് പ്രാബല്യത്തിൽ; അപേക്ഷകൾക്ക് ലക്ഷം ഡോളർ ഫീസ്

വാഷിങ്ടൺ: എച്ച്-1ബി വിസക്ക് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ നിരക്ക് പ്രാബല്യത്തിലായി. പുതുതായി വിസക്ക് അപേക്ഷിക്കുന്നവർക്ക് ഒരുലക്ഷം ഡോളറാണ് വിസാ ഫീസ്. വര്‍ധിച്ച ഫീസ് പുതിയ വിസയ്ക്ക് മാത്രമാണെന്നും നിലവില്‍ ഇന്ത്യയിലുള്ളവര്‍ തിരക്കിട്ട് മടങ്ങേണ്ടതില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഇത് ഒറ്റത്തവണ ഫീസ് മാത്രമാണെന്നും വിസ പുതുക്കുമ്പോൾ വീണ്ടും ഫീസ് അടക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.

2023ൽ യു.എസ് അനുവദിച്ച 380,000 എച്ച് വണ്‍ ബി വിസകളിൽ 72 ശതമാനവും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. ഡേറ്റ സയൻസ്, എഐ, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലാണ് ഇവരിൽ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത്. എച്ച്-1 ബി വിസ പദ്ധതിയുടെ ദുരുപയോഗം ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയത്.

എച്ച്- 1 ബി വിസയിൽ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന അമേരിക്കയിലെ കമ്പനികളാണ് ഈ ഫീസ് സർക്കാരിന് നൽകേണ്ടത്. 5000- 6000 ഡോളർ മാത്രമായിരുന്നതാണ് ഒറ്റയടിക്ക് ഒരു ലക്ഷത്തിലേക്കുയർത്തിയതാണ് ആശങ്കയായത്. മൈക്രോസോഫ്റ്റ്, ജെ.പി മോർഗൻ, ആമസോൺ തുടങ്ങിയ കമ്പനികൾ എച്ച്- 1 ബി വിസക്കാർ യു.എസിൽ തുടരാൻ നിർദേശിച്ചു.

Tags:    
News Summary - China introduces K visa as an alternative to H-1B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.