ബീജിങ്: യുദ്ധത്തിന്റെ സൂചനകൾ നൽകി തെക്കൻ തായ്‌വാനിലെ സമുദ്ര മേഖലയിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ച് ചൈന. വിപുലമായ യുദ്ധാഭ്യാസങ്ങളുടെ രണ്ടാം ദിനത്തിൽ ബോംബർ വിമാനങ്ങൾക്കും ഡിസ്ട്രോയറുകൾക്കും ഒപ്പം പുതിയ ആംഫിബിയസ് ആക്രമണ കപ്പലുകളും വിന്യസിച്ചു. ദ്വീപിന്റെ ഉപരോധത്തിനുള്ള ഒരു റിഹേഴ്സലെന്ന നിലയിലാണിതെന്നാണ് റിപ്പോർട്ട്.
സ്വയം ഭരണമുള്ള തായ്വാൻ ദ്വീപിന്റെ വടക്കും തെക്കും ഭാഗങ്ങളിലെ സമുദ്ര-വ്യോമ ലക്ഷ്യങ്ങളിലും അന്തർവാഹിനി വിരുദ്ധ പ്രവർത്തനങ്ങളിലും നാവിക-വ്യോമസേന യൂനിറ്റുകൾ ആക്രമണം നടത്തിയതായി ചൈനീസ് സൈന്യം പറഞ്ഞു.
തായ്‌വാനിലേക്ക് യു.എസ് റെക്കോർഡ് ഡോളറിന്റെ 11.1 ബില്യൺ ആയുധ പാക്കേജ് പ്രഖ്യാപിച്ച് 11 ദിവസങ്ങൾക്കു ശേഷമാണ് ‘ജസ്റ്റിസ് മിഷൻ 2025’ എന്ന് പേരിട്ടിരിക്കുന്ന ഈ അഭ്യാസങ്ങൾ ആരംഭിച്ചത്. ബീജിങ്ങിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ അഭ്യാസങ്ങളാണിത്. 2022ൽ അന്നത്തെ യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി ദ്വീപ് സന്ദർശിച്ചതിനുശേഷം നടക്കുന്ന ആറാമത്തെ പ്രധാന യുദ്ധ അഭ്യാസവുമാണിത്. അന്നത്തെന്നപോലെ ചൈന തായ്‌വാനു മുകളിലൂടെ മിസൈലുകൾ തൊടുത്തുവിടുമോ എന്ന് തായ്‌പേയ് നിരീക്ഷിച്ചുവരികയാണെന്ന് ഒരു മുതിർന്ന തായ്‌വാൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
യു.എസ് നിർമിത ‘ഹിമാർസ്’ റോക്കറ്റ് സിസ്റ്റം പോലുള്ള കരയിൽ നിന്നുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ പരിശീലിക്കുന്നതിനും ബീജിങ് ഈ അഭ്യാസങ്ങൾ ഉപയോഗിക്കുന്നതായി റിേപ്പാർട്ടുണ്ട്. തെക്കൻ ചൈനയിലെ തീരദേശ ലക്ഷ്യങ്ങളിൽ എത്താൻ കഴിയുന്ന ഏകദേശം 300 കിലോമീറ്റർ ദൂരപരിധിയുള്ള ഉയർന്ന മൊബൈൽ പീരങ്കി സംവിധാനമാണിത്.
ചൈനയുടെ അഭ്യാസങ്ങൾ ഉത്തരവാദിത്തമുള്ള ഒരു പ്രധാന ശക്തിയിൽ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റവുമായി പൊരുത്തപ്പെടുന്നില്ല എന്ന് തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ് ടെ ഫേസ്ബുക്കിലെ പോസ്റ്റിൽ പറഞ്ഞു. ദ്വീപിനെ പ്രതിരോധിക്കാൻ മുൻനിര സൈനികരെ സജ്ജമാക്കിയിരുന്നു. എന്നാൽ, സ്ഥിതിഗതികൾ വഷളാക്കാൻ തായ്‌പേയ് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.