ബെയ്ജിങ്: കഴിഞ്ഞ നവംബറിൽ ഡസൻ കണക്കിന് ആളുകളെ കൊന്നൊടുക്കിയ മാരകമായ ആക്രമണങ്ങൾ നടത്തിയ രണ്ടു പേരെ ചൈന തൂക്കിലേറ്റി. ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റി 35 പേരെ കൊലപ്പെടുത്തിയ 62കാരായ ഫാൻ വെയ്‌ക്യുവിന്റെ വധശിക്ഷ തിങ്കളാഴ്ച നടപ്പിലാക്കി. ചൈനയിൽ ഒരു ദശാബ്ദത്തിനിടെ രാജ്യത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഫാൻ വെയ്‌ക്യു തെക്കൻ നഗരമായ സുഹായിയിലെ സ്റ്റേഡിയത്തിന് പുറത്ത് വ്യായാമം ചെയ്യുന്ന ആളുകൾക്ക് നേരെ കാർ ഓടിച്ചു കയറ്റുകയായിരുന്നു.
ദിവസങ്ങൾക്കുശേഷം ഉണ്ടായ മറ്റൊരു ആക്രമണത്തിന് രണ്ടാമത്തെയാളെ തൂക്കിലേറ്റിയതായി ദേശീയ മാധ്യമം പുറത്തുവിട്ടു. 21കാരനായ സു ജിയാജിൻ കിഴക്കൻ നഗരമായ വുക്‌സിയിലെ സർവ്വകലാശാലയിൽ എട്ടു പേരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മോശം പരീക്ഷാ ഫലം കാരണം ഡിപ്ലോമ നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് സു ആക്രമണം നടത്തിയതെന്ന് പറയുന്നു. ഫാൻ വെയ്‌ക്യു നിക്ഷേപ നഷ്ടവും കുടുംബ കലഹങ്ങളും മൂലമുള്ള ദേഷ്യം തീർക്കാനാണ് കുറ്റകൃത്യം ചെയ്തതെന്നും അധികൃതർ പറഞ്ഞു.
പൊതു സുരക്ഷയെ അപകടപ്പെടുത്തി എന്ന കുറ്റമാണ് സു ചെയ്തതെന്ന് പീപ്പിൾസ് കോടതി നിരീക്ഷിച്ചു. കോടതി വധശിക്ഷ വിധിച്ച് ഒരു മാസത്തിനുള്ളിൽ ശിക്ഷ നടപ്പാക്കി. ഇയാൾ മടികൂടാതെ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
എല്ലാ വർഷവും ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന ലോകത്തെ മുൻനിര ‘ആരാച്ചാർ’ ആണ് ചൈനയെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. വധശിക്ഷയുടെ പ്രയോഗത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ രാജ്യം പുറത്തുവിടുന്നില്ല എന്നതിനാൽ വിശ്വസനീയമായ കണക്കുകൾ ലഭ്യമല്ല.
അതേസമയം, ചൈനയിലുടനീളം പൊതു സ്ഥലത്തുള്ള ആക്രമണങ്ങളുടെ എണ്ണം വർധിച്ചതായി കണക്കുകൾ പറയുന്നു. 2024ൽ മാത്രം ഇത്തരം 19 സംഭവങ്ങൾ നടന്നു. സുഹായ്, വുക്‌സി ആക്രമണങ്ങൾ നടന്ന് ദിവസങ്ങൾക്കുള്ളിൽ ചാങ്‌ഡെ നഗരത്തിലെ ഒരു പ്രൈമറി സ്‌കൂളിന് പുറത്ത് കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന ജനക്കൂട്ടത്തിലേക്ക് ഒരാൾ വാഹനം ഓടിച്ചുകയറ്റിയതിനെ തുടർന്ന് 30 പേർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.