ബലാത്സംഗത്തിന് ഇരയായത് 221കുട്ടികൾ, ഇരകളുടെ കൂട്ടത്തിൽ ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളും; സുഡാനിലെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് യുനിസെഫ്

ഖാർത്തൂം: ആഭ്യന്തരയുദ്ധം രൂക്ഷമായ വടക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ കഴിഞ്ഞ വർഷം 200 ലധികം കുട്ടികൾ ബലാത്സംഗത്തിന് ഇരയായെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജൻസിയായ യുനിസെഫ്. ഒരു വയസിൽ താഴെയുള്ള കുട്ടികൾ പോലും ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്കിരയായതായും ബലാത്സംഗം അടക്കമുള്ള ലൈംഗിക അതിക്രമങ്ങൾ സുഡാനിൽ യുദ്ധതന്ത്രമായി ഉപയോഗിക്കുകയാണെന്നും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ റിപ്പോർട്ടിൽ പറഞ്ഞു.

2024ന്റെ തുടക്കം മുതൽ ആൺകുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 221 കുട്ടികളെ ആയുധധാരികൾ ബലാത്സംഗം ചെയ്തിട്ടുണ്ട്. ഇതിൽ 66 ശതമാനം പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്. അതിജീവിതരിൽ 16 പേർ അഞ്ച് വയസ്സിന് താഴെയുള്ളവരും നാല് പേർ ഒരു വയസ്സിന് താഴെയുള്ളവരുമാണെന്നും യുനിസെഫിന്റെ കണക്കുകൾ പറയുന്നു.   


2023 ഏപ്രിലിലാണ് സുഡാനിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. സൈന്യവും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ രാജ്യത്തുടനീളം ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 20,000 പേരെങ്കിലും ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ടു. 14 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു. യുദ്ധം ആരംഭിച്ചശേഷം 61,800 കുട്ടികൾ കുടിയിറക്കപ്പെട്ടതായും കണക്കാക്കപ്പെടുന്നു.

 

Tags:    
News Summary - More than 200 children, some as young as one, raped in Sudan, UNICEF says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.