ഗസ്സ സിറ്റി: മധ്യ ഗസ്സയിൽ കാനുകളിൽ വെള്ളം നിറക്കാൻ കാത്തിരിക്കുന്നതിനിടെ ആറു കുട്ടികൾ ഉൾപ്പെടെ പത്തു പേരെ ഇസ്രായേലി വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി. ഏഴു കുട്ടികൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹങ്ങൾ നുസൈറത്തിന്റെ അൽ അവ്ദ ആശുപത്രിയിലേക്കു മാറ്റി. അൽ നുസൈറത്ത് അഭയാർഥി ക്യാമ്പിലെ വാട്ടർ ടാങ്കറിന് സമീപം ഒഴിഞ്ഞ കാനുകളുമായി ക്യൂ നിന്നിരുന്ന ജനക്കൂട്ടത്തിന് നേരെ സൈന്യം ഡ്രോൺ മിസൈൽ പ്രയോഗിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ആക്രമണത്തിനുപിന്നാലെ പരിഭ്രാന്തിയുടെയും നിരാശയുടെയും നിലവിളികളോടെ രക്തം പുരണ്ട കുട്ടികളുടെയും ചേതനയറ്റ കുഞ്ഞുശരീരങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നു. സ്വകാര്യ വാഹനങ്ങളിലും കഴുത വണ്ടികളിലുമാണ് പരിക്കേറ്റവരെ കൊണ്ടുപോയത്.
ഞായറാഴ്ച മധ്യ ഗസ്സയിലും ഗസ്സ സിറ്റിയിലും അഭയാർഥികൾ കഴിയുന്ന കെട്ടിടങ്ങൾക്ക് നേരെയുണ്ടായ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിലായി 19 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗസ്സ സിവിൽ ഡിഫൻസ് ഏജൻസി വക്താവ് പറഞ്ഞു. ശനിയാഴ്ച റഫയിലെ ഫീൽഡ് ആശുപത്രിയിൽ ആയുധങ്ങളുമായി ബന്ധപ്പെട്ട പരിക്കുകളോടെ 132 രോഗികളെ പ്രവേശിപ്പിച്ചതായും അതിൽ 31പേർ മരിച്ചതായും ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് അറിയിച്ചു. രോഗികളിൽ ഭൂരിപക്ഷത്തിനും വെടിയേറ്റ മുറിവുകളുണ്ടെന്നും പരിക്കേറ്റ എല്ലാവരും ഭക്ഷണ വിതരണ സ്ഥലങ്ങളിലേക്കെത്താനുള്ള ശ്രമത്തിലായിരുന്നുവെന്നും ഐ.സി.ആർ.സി പറഞ്ഞു.
ഗസ്സ മുനമ്പിലുടനീളം ഇസ്രായേലി വ്യോമാക്രമണങ്ങൾ വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ആറ് ആഴ്ചക്കുള്ളിൽ തെക്കൻ ഗസ്സയിലെ റഫ ഫീൽഡ് ആശുപത്രിയിൽ അതിനു മുമ്പുള്ള 12 മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ പേർ ചികിത്സ തേടിയതായി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് അറിയിച്ചു.
മെയ് 27ന് പുതിയ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ തുറന്നതിനുശേഷം ആശുപത്രിയിൽ പരിക്കേറ്റ 3400ലധികം രോഗികളെ ചികിത്സിച്ചതായും 250ലധികം മരണങ്ങൾ രേഖപ്പെടുത്തിയതായും ഇത് കൂട്ടിച്ചേർത്തു. ഈ കൂട്ട മരണങ്ങളുടെ ഭയാനകമായ ആവൃത്തിയും വ്യാപ്തിയും ഗസ്സയിലെ സാധാരണക്കാർ അനുഭവിക്കുന്ന ഭയാനകമായ അവസ്ഥയെ അടിവരയിടുന്നുവെന്നും ഐ.സി.ആർ.സി പറഞ്ഞു.
സഹായവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് 789 കൊലപാതകങ്ങൾ രേഖപ്പെടുത്തിയതായി യു.എൻ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. അവയിൽ 615 മരണം നടന്നത് മെയ് 27 ന് തുറന്നതും തെക്കൻ-മധ്യ ഗസ്സയിലെ സൈനിക മേഖലകൾക്കുള്ളിൽ പ്രവർത്തിപ്പിക്കുന്നതുമായ യു.എസിന്റെയും ഇസ്രായേലി പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സൈറ്റുകളുടെ സമീപത്തായിരുന്നു. മറ്റ് 183 കൊലപാതകങ്ങൾ യു.എന്നിന്റെയും മറ്റ് സഹായ വാഹനവ്യൂഹങ്ങളുടെയും സമീപത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.