ഗസ്സക്കുരുതി തുടരുന്ന ഇസ്രായേലിനെതിരെ നയതന്ത്രതലത്തിൽ പ്രതിഷേധിച്ച് ആഫ്രിക്കൻ രാജ്യമായ ഛാഡ്. നയതന്ത്ര പ്രതിനിധിയെ തിരികെ വിളിച്ചാണ് ഛാഡിന്റെ നടപടി. ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഛാഡ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
''പശ്ചിമേഷ്യയിലെ പ്രത്യേകിച്ച്, ഗസ്സയിലെ അഭൂതപൂർവമായ അക്രമത്തിന്റെ തിരമാലകൾ ഛാഡ് ശ്രദ്ധിച്ചുവരികയാണ്. ഗസ്സയിലെ നിരപരാധികളെ കൂട്ടക്കുരുതി നടത്തുന്നതിൽ അപലപിക്കുന്നു. കൂടിയാലോചനക്ക് ശേഷമാണ് ഇസ്രായേലിലെ നയതന്ത്രപ്രതിനിധിയെ തിരികെ വിളിക്കാൻ തീരുമാനിച്ചത്. ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതമായ പരിഹാരത്തിലേക്ക് നയിക്കാൻ ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്.''-ഛാഡ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
ഇസ്രായേലിന്റെ ആക്രമണത്തിൽ ഗസ്സയിലെ 9200ലേറെ ആളുകളുടെ ജീവനാണ് അപഹരിച്ചത്. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400പേരും കൊല്ലപ്പെട്ടു. ഇസ്രായേലിൽ നിന്ന് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുന്ന ഏഴാമത്തെ രാജ്യമാണ് ഛാഡ്.
നേരത്തേ ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബൊളീവിയയും കൊളംബിയയും ചിലിയും ബ്രസീലും ഗസ്സ യുദ്ധത്തിൽ പ്രതിഷേധിച്ച് നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചിരുന്നു. നേരത്തേയും ഗസ്സയുദ്ധത്തിന്റെ പേരിൽ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം ബൊളീവിയ അവസാനിപ്പിച്ചിരുന്നു. പിന്നീട് 2019ലാണ് ബന്ധം പുനഃസ്ഥാപിച്ചത്. ബൊളീവിയയുടെ നീക്കത്തെ അറബ് രാജ്യങ്ങളും ഹമാസും സ്വാഗതം ചെയ്തിരുന്നു. എന്നാൽ നടപടിയെ വിമർശിച്ച് ഇസ്രായേൽ രംഗത്ത്‍വന്നിരുന്നു. ഭീകരതക്ക് കീഴടങ്ങുന്ന നീക്കമാണ് ബൊളീവിയയുടെത് എന്നായിരുന്നു ഇസ്രായേലിന്റെ വിമർശനം. തുർക്കിയും ഹോണ്ടൂറാസും കഴിഞ്ഞ ദിവസം ഇസ്രായേലിൽ നിന്ന് നയതന്ത്രപ്രതിനിധിയെ തിരികെ വിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.