ജർമനിയിലെ മ്യൂണിക്കിൽ സുരക്ഷാ സമ്മേളനം നടക്കാനിരിക്കെ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി; അക്രമി പിടിയിൽ

മ്യൂണിക്: ജർമനിയിലെ മ്യൂണിക്കിൽ കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടർന്ന് നിരവധി പേർക്ക് ഗുരുതര പരിക്ക്. മ്യൂണിക് സുരക്ഷാ സമ്മേളനം വെള്ളിയാഴ്ച നടക്കാനിരിക്കെ സമ്മേളന വേദിയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ സെൻട്രൽ ട്രെയിൻ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. വെർഡി യൂണിയൻ സംഘടിപ്പിച്ച പണിമുടക്കിൽ പങ്കെടുത്ത 15ഓളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഔദ്യോഗിക കണക്കുകൾ പുറത്തു വന്നിട്ടില്ല. കാർ ഓടിച്ചിരുന്ന അക്രമിയെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.

രണ്ട് പുരുഷന്മാർ കാറിൽ ഉണ്ടായിരുന്നുവെന്നും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തെന്നും ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിന് പിന്നാലെ നഗരത്തിൽ പൊലീസ് ശക്തമായ തിരച്ചിൽ പുരോഗമിക്കുകയാണ്. കൂടാതെ, അടുത്തയാഴ്ച നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ശക്തമാക്കിയിരുന്ന സമയത്തായിരുന്നു ആക്രമണം. ആവർത്തിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജർമനിയിലെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയരുകയാണ്.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, യുക്രെയ്ൻ പ്രസിഡന്റ് വോളോദിർമിസ് സെലെൻസ്‌കി ഉൾപ്പെടെയുള്ള നേതാക്കൾ വെള്ളിയാഴ്ച ആരംഭിക്കുന്ന മ്യൂണിക്ക് സുരക്ഷ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ പൊലീസ് വിലയിരുത്തുകയാണ്. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും എന്തെങ്കിലും വിവരം ലഭിച്ചാൽ അധികാരികളെ അറിയിക്കാനും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

ജർമനിയിലെ മാഗ്ഡെബർഗ് ക്രിസ്മസ് മാർക്കറ്റിൽ ആളുകളുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് പുതിയ സംഭവം. സംഭവത്തിൽ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി സാധനങ്ങൾ വാങ്ങാനെത്തിയ അഞ്ചു പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Car attack in Munich

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.