‘ഇന്ത്യയുമായി യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല’ രാജ്യം സമ്പൂർണ ജാഗ്രതയിലെന്നും പാക് പ്രതിരോധ മന്ത്രി

ഇസ്‍ലാമാബാദ്: ഇന്ത്യയുമായി യുദ്ധത്തിനുള്ള സാധ്യത എഴുതിത്തള്ളാനാവില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ രാജ്യം പൂർണ ജാഗ്രയിലാണെന്നും ആസിഫ് വ്യക്തമാക്കി.


‘ഞങ്ങൾ ഇന്ത്യയെ അവഗണിക്കുകയോ ഏതെങ്കിലും സാഹചര്യത്തിൽ വിശ്വസി​ക്കുകയോ ചെയ്യുന്നില്ല. അതിർത്തി കടന്നുകയറ്റമോ ആക്രമണങ്ങളോ (ഒരുപക്ഷേ അഫ്ഗാൻ) ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് ഒരു സമഗ്ര യുദ്ധമോ ശത്രുതാപരമായ നീക്കങ്ങളോ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നമ്മൾ പൂർണ്ണ ജാഗ്രത പാലിക്കണം,’ സമാ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഓപറേഷൻ സിന്ദൂർ 88 മണിക്കൂർ ട്രെയിലർ മാത്രമാണെന്ന ചീഫ് ഓഫ് ദ ആർമി സ്റ്റാഫ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം. രാജ്യത്തെ സേനാവിഭാഗങ്ങൾ പൂർണ സജ്ജരാണെന്നും പാകിസ്താൻ അവസരം നൽകിയാൽ അയൽക്കാരോട് ഉത്തരവാദിത്വപരമായി എങ്ങനെ പ്രവർത്തിക്കണമെന്ന് പഠിപ്പിക്കുമെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞിരുന്നു.

ഓപറേഷൻ സിന്ദൂറിന് പിന്നാലെ, ഇരുരാജ്യങ്ങൾക്കുമിടയിൽ വാക്പോര് രൂക്ഷമാണ്. നവംബർ ആദ്യവാരത്തിലും ആസിഫ് പ്രകോപനപരമായ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. ‘ഞങ്ങൾ തയ്യാറാണ്; കിഴക്കിലെയും (ഇന്ത്യ) പടിഞ്ഞാറിലെയും (അഫ്ഗാനിസ്താൻ) അതിർത്തികളെ പ്രതിരോധിക്കാൻ ഞങ്ങൾ പൂർണ സജ്ജരാണ്. ആദ്യ റൗണ്ടിൽ ദൈവം ഞങ്ങളെ സഹായിച്ചു, രണ്ടാം റൗണ്ടിലും അവൻ ഞങ്ങളെ സഹായിക്കും. അവർ ഫൈനൽ റൗണ്ടിന് മുതിരുകയാണെങ്കിൽ നമുക്ക് യുദ്ധമല്ലാതെ മറ്റ് മാർഗമില്ല,’ എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ ഖ്വാജ ആസിഫിന്റെ വാക്കുകൾ.

പാകിസ്താനും അഫ്ഗാനിസ്താനും ഇടയിൽ സംഘർഷം മൂർഛിക്കുന്ന സാഹചര്യത്തിൽ കൂടെയാണ് ആസിഫിന്റെ പരാമർശം. കഴിഞ്ഞ മാസം, അതിർത്തി കേന്ദ്രീകരിച്ച് പാകിസ്താൻ സൈന്യവും താലിബാനും തമ്മിൽ കനത്ത ഏറ്റുമുട്ടലുകൾ റിപ്പോർ​ട്ട് ​ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാ​ലെ, ഇരുരാജ്യങ്ങൾക്കുമിടയിൽ തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഒക്ടോബർ 19ന് സമാധാന കരാർ നിലവിൽ വന്നതോടെയാണ് സംഘർഷത്തിന് താൽക്കാലിക ശമനമായത്.

അഫ്ഗാൻ അതിർത്തിക്കകത്ത് നിന്ന് തങ്ങ​ൾക്കെതിരെ പ്രവർത്തിക്കുന്ന ഭീകരരർക്കെതിരെ താലിബാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പാകിസ്താൻ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ, പാക് ആരോപണം തളളി അഫ്ഗാനിസ്താനും രംഗത്തെത്തി. ഇരുരാജ്യങ്ങളും തമ്മിൽ വാക്പോര് തുടരുന്നതിനിടെ പാകിസ്താൻ, അഫ്ഗാൻ അതിർത്തി കടന്ന് വ്യോമാക്രണമം നടത്തി. ഇതിന് പിന്നാലെ, താലിബാൻ തിരിച്ചടിച്ചതോടെയാണ് അതിർത്തി സംഘർഷഭരിതമായത്.

ഇതിനിടെ, അഫ്ഗാനിസ്ഥാനിൽ നിന്ന് നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു ആസിഫിന്റെ അവകാശവാദം. ഇത് പാകിസ്താനുമായുള്ള ഇരുരാജ്യങ്ങളുടെ അതിർത്തികളിലും ഏറ്റുമുട്ടലിലേക്ക് വഴിവെച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്‍ലാമാബാദിനും കാബൂളിനും ഇടയിലുള്ള സംഘർഷത്തിന്റെ പ്രധാന പ്രേരകശക്തി ഇന്ത്യയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പാകിസ്താൻ വ്യക്തമാക്കിയിരുന്നു.

ഒക്ടോബറിൽ ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ‘അഫ്ഗാന്റെ തീരുമാനങ്ങൾ ഡൽഹിയുടെ സ്പോൺസർഷിപ്പിൽ നടക്കുന്നതിനാൽ, വെടിനിർത്തലിന്റെ സാധുതയിൽ സംശയമുണ്ടെന്ന് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. കാബൂൾ ഡെൽഹിക്ക് വേണ്ടി നിഴൽയുദ്ധം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.  

Tags:    
News Summary - Cant Rule Out War With India: Pak Minister Says Country On Full Alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.