കാഠ്മണ്ഡു: പ്രളയം വിഴുങ്ങിയ നേപ്പാളിന്‍റെ പുനർനിർമാണത്തിന് 4 ബില്യൺ ഡോളറിനും 5 ബില്യൺ ഡോളറിനും ഇടയിൽ തുക ആവശ്യമായി വരുമെന്ന് ധനകാര്യ മന്ത്രി സ്വപ്നിൽ വാഗ്‌ലെ. നാശനഷ്ടത്തിന്‍റെ വ്യാപ്തി സർക്കാർ വിലയിരുത്തി വരികയാണ്. 2015 ലെ ഭൂകമ്പത്തിന് ആവശ്യമായിരുന്നതിനേക്കാൾ വളരെ കുറഞ്ഞ തുകയേ ഞങ്ങൾക്ക് ആവശ്യമായി വരൂവെന്നും എന്നാൽ ഇത് നേപ്പാളിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ പത്തിലൊന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു..
ബുധനാഴ്ച ഹിമാനി തകർന്നതിനെ തുടർന്ന് ഹിമാലയൻ നദീതടങ്ങളിലൂടെ പാറയും മഞ്ഞും ചെളിയും അവശിഷ്ടങ്ങളും കുത്തിയൊഴുകിയെത്തിയ പ്രളയത്തിൽ നേപ്പാളിലും ചൈനയിലെ ടിബറ്റിലുമായി 600ൽ അധികം പേരാണ് കൊല്ലപ്പെട്ടത്,. 2,000ത്തിലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിർത്തി പ്രദേശങ്ങളിലെ പട്ടണങ്ങൾ ദുരന്തത്തിൽ തകർന്നു. പാലങ്ങളും റോഡുകളും ഒഴുകിപ്പോവുകയും പ്രധാന ജലവൈദ്യുത നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
നേപ്പാളിന്‍റെ ദേശീയ ഉൽപ്പാദന ശേഷിയുടെ 12 ശതമാനത്തിലധികം വരുന്ന ഊർജ പദ്ധതികൾക്കും വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ചു, ഇത് റെമിറ്റനൻസ്, ടൂറിസം, ജലവൈദ്യുത പദ്ധതികൾ എന്നിവയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്.
നേപ്പാളിലുണ്ടായ ഏറ്റവും വലിയ ദുരന്തമായ 2015ലെ ഭൂകമ്പത്തിന് ശേഷം ഏകദേശം 9 ബില്യൺ ഡോളറാണ് രാജ്യം ചെലവഴിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ, പുതിയ ദുരന്തത്തിന്‍റെ പുനർനിർമാണ ചെലവ് കുറവായിരിക്കുമെന്നാണ് രാജ്യം വിലയിരുത്തുന്നത്. നേപ്പാളിലെ ഏറ്റവും വലിയ ദുരന്തമായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഏകദേശം 9,000 ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം വീടുകൾ തകരുകയും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. അതിനിടയിൽ, ചില പ്രദേശങ്ങളിൽ മോശം കാലാവസ്ഥയെത്തുടർന്ന് തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി തടസപ്പെട്ടു.
തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തൽ, ഗതാഗത-വിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിക്കൽ, മൃതദേഹങ്ങൾ തിരിച്ചറിയൽ, ഡി.എൻ.എ പരിശോധന നടത്തൽ എന്നിവയുൾപ്പെടെയുള്ള പ്രത്യേക വിദേശ സാങ്കേതിക സഹായം നേപ്പാൾ തേടിയിട്ടുണ്ട്. കമ്പിളിവസ്ത്രങ്ങൾ, മരുന്നുകൾ, ഭക്ഷണം, ജലശുദ്ധീകരണ ഗുളികകൾ എന്നിവയുൾപ്പെടെ ഏകദേശം 60 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യ മൂന്ന് വിമാനങ്ങൾ അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.