നേപ്പാൾ പ്രളയം: 16 മലയാളികൾ കൂടി നാട്ടിലെത്തി; 45 പേർ സുരക്ഷിതർ; കണ്ടെത്താനുള്ളത് ഏഴു പേരെ

തിരുവനന്തപുരം: നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ബന്ധപ്പെടാൻ കഴിയാതിരുന്ന എറണാകുളം പിറവം സ്വദേശി റിനീത് മോഹൻ ഉൾപ്പെടെ 16 കേരളീയർ കൂടി സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തി. സംസ്ഥാന സർക്കാരിന്റെയും നോർക്കയുടെയും ഹെൽപ്പ് ഡെസ്കുകളിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ പ്രകാരം ഇതുവരെ 45 മലയാളികളുടെ സുരക്ഷിതരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ നേപ്പാളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമായി സുരക്ഷിതരായി കഴിയുകയാണെന്നും നാട്ടിലേക്ക് മടങ്ങാനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണെന്നും ബന്ധുക്കളെ അറിയിച്ചു.

ഈ മാസം 23-നാണ് വിനോദസഞ്ചാരത്തിനായി റിനീത് മോഹൻ നേപ്പാളിലേക്ക് തിരിച്ചത്. പ്രളയസമയത്ത് പൊഖാറയ്ക്കടുത്തായിരുന്നു ഇദ്ദേഹം. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മടങ്ങി വരുന്നതിനിടയിൽ ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഫോൺ നഷ്ടപ്പെട്ടതാണ് ബന്ധപ്പെടാൻ സാധിക്കാത്തതിന് കാരണമായത്. തുടർന്ന് ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം നാട്ടിലെത്തിയ അദ്ദേഹം ഉച്ചയോടെ തിരിച്ചെത്തി. കൊച്ചിയിൽ നിന്നുള്ള 14 പേരടങ്ങുന്ന സംഘവും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.

കൂടാതെ, കൊച്ചി കാക്കനാട് നിന്നും കൈലാസ് മാനസസരോവർ യാത്ര പോയ ശ്രുതി ശിഖാമണിയും സുരക്ഷിതയായി തിരിച്ചെത്തിയിട്ടുണ്ട്. പ്രളയം ബാധിച്ച സമയത്ത് കഠ്മണ്ഡുവിലായിരുന്നു ശ്രുതി. അതേസമയം, ഓസ്ട്രേലിയൻ പൗരത്വമുള്ള കേരളത്തിൽ നിന്നുള്ള നാലുപേർ ഉൾപ്പെടെ ആകെ ഏഴു പേരെക്കുറിച്ചുള്ള വിവരങ്ങളാണ് ഇനി ലഭ്യമാകാനുള്ളത്. ഇവരെ സംബന്ധിച്ച വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് നോർക്ക അധികൃതർ വ്യക്തമാക്കി.

നേപ്പാളിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തുന്ന മലയാളികൾക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാസൗകര്യങ്ങൾക്കും മറ്റ് സഹായങ്ങൾക്കുമായി നോർക്ക ഹെൽപ്പ് ഡെസ്കുകളിലോ ഡൽഹി എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെടാവുന്നതാണെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

Tags:    
News Summary - Nepal Flood: 16 More Malayalis Return Home; 45 Safe, Seven Still Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.