ബെയ്ജിങ്: 2017ലെ ഡോക്ലാം അതിർത്തി പ്രതിസന്ധിയുടെയും 2020ലെ ഗാൽവാൻ താഴ്വര സംഘർഷത്തിന്റെയും സമയത്ത് ചൈനീസ് സൈന്യത്തിന്റെ വെസ്റ്റേൺ തിയേറ്റർ കമാൻഡിന് നേതൃത്വം നൽകിയിരുന്ന ജനറൽ ഷാവോ സോങ്‌ക്വിയെ ചൈനയുടെ പരമോന്നത രാഷ്ട്രീയ ഉപദേശക സമിതിയിൽ നിന്ന് പുറത്താക്കി.
ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചൈനീസ് പീപ്പിൾസ് പോളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിൽ (CPPCC) നിന്നുമുൾപ്പെടെ മൂന്ന് പ്രധാന പദവികളിൽ നിന്നാണ് ഷാവോയെ നീക്കിയത്. എന്നാൽ പുറത്താക്കാൻ കാരണമായ സാഹചര്യം സംബന്ധിച്ച് ചൈനീസ് സർക്കാർ വിശദീകരണം നൽകിയിട്ടില്ല.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൈന്യത്തിനുള്ളിൽ നടപ്പാക്കുന്ന വ്യാപകമായ അഴിച്ചുപണിയുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളിലായി നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിച്ച ഷി, സൈനിക നേതൃത്വത്തിൽ തന്റെ നിയന്ത്രണം കൂടുതൽ ശക്തമാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന മേഖലകളുടെ ചുമതലയുള്ള വെസ്റ്റേൺ തിയേറ്റർ കമാൻഡിന്റെ തലവനായിരുന്ന ഷാവോയുടെ കാലത്താണ് 2017ൽ ഡോക്ലാമിലും 2020ൽ ഗാൽവാൻ താഴ്വരയിലും ഇന്ത്യയും ചൈനയും തമ്മിൽ കടുത്ത ഏറ്റുമുട്ടലുകൾ ഉണ്ടായത്.
2020 ജൂൺ 15ന് ഗാൽവാൻ താഴ്വരയിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് പുറത്തുവന്ന ചില റിപ്പോർട്ടുകൾ പ്രകാരം, ഗാൽവാൻ മേഖലയിലെ നടപടികൾക്ക് ഷാവോയുടെ അനുമതി ഉണ്ടായിരുന്നുവെന്നാണ് ആരോപണം.
വിരമിക്കൽ പ്രായം എത്തിയതിനെ തുടർന്ന് 2020 ഡിസംബറിൽ ഷാവോയെ വെസ്റ്റേൺ തിയേറ്റർ കമാൻഡർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇപ്പോഴത്തെ പുറത്താക്കൽ ചൈനീസ് സൈനിക നേതൃത്വത്തിൽ തുടരുന്ന വലിയ മാറ്റങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.