ഫലസ്തീൻ ഐക്യദാർഢ്യ ക്യാമ്പ് പുനഃരാരംഭിച്ച് കേംബ്രിഡ്ജ് സർവകലാശാല വിദ്യാർഥികൾ

വാഷിംങ്ടൺ: ഗസ്സയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി വിദ്യാർഥികൾ ഫലസ്തീൻ അനുകൂല ക്യാമ്പ് പുനഃരാരംഭിച്ചു. ഗസ്സ വംശഹത്യയിൽ പങ്കാളികളാണെന്ന് പറയപ്പെടുന്ന ആയുധ കമ്പനികളെ വെളിപ്പെടുത്താനും അവയിൽനിന്ന് പിന്മാറാനും സ്ഥാപനത്തോടുള്ള ആഹ്വാനങ്ങൾ പുതുക്കിക്കൊണ്ടാണ് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ട്രിനിറ്റി കോളേജിന് പുറത്ത് പ്രതിഷേധ ക്യാമ്പ് പുനഃരാരംഭിച്ചത്.

2023 ഒക്ടോബർ 7 മുതൽ ഗസ്സ മുനമ്പിലെ സൈനിക നടപടി ചൂണ്ടിക്കാട്ടി ഇസ്രായേലുമായി ബന്ധപ്പെട്ട ഇടപാടുകളിൽനിന്ന് യൂനിവേഴ്സിറ്റി പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. ഒരു മാസം നീണ്ടുനിന്ന പ്രതിഷേധം വിദ്യാര്‍ത്ഥികള്‍ അവിടെ നടത്തി. അന്ന് സര്‍വകലാശാല അധികൃതര്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ആ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് പുതിയ നീക്കം. കേംബ്രിഡ്ജ് ഫോര്‍ ഫലസ്തീന്‍ എന്ന സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.

യൂനിവേഴ്സിറ്റിയിലെ ഏറ്റവും വലിയ കോളജുകളിലൊന്നായ ട്രിനിറ്റി കോളേജിന്റെ പുറം ഗ്രൗണ്ട് വിദ്യാർത്ഥി പ്രവർത്തകർ കൈവശപ്പെടുത്തിയതായി വാഴ്സിറ്റി റിപ്പോർട്ട് ചെയ്തു. ഇസ്രായേലുമായി ബന്ധമുള്ള എല്‍ബിറ്റ് സിസ്റ്റംസ്, കാറ്റര്‍പില്ലര്‍, എല്‍ ത്രി ഹാരിസ് ടെക്‌നോളജീസ്, ബാര്‍ക്ലയേഴ്‌സ് എന്നീ കമ്പനികളില്‍ ട്രിനിറ്റി സര്‍വകലാശാലക്ക് നിക്ഷേപം ഉണ്ടെന്ന് കേംബ്രിഡ്ജ് ഫോര്‍ ഫലസ്തീന്‍ ആരോപിച്ചിരുന്നു. 

പ്രതിഷേധം ശക്തമാക്കിയ വിദ്യാർഥികളും ഫാക്കല്‍റ്റികളും പ്രധാനമായും നാല് നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. പ്രസ്തുത കമ്പനികളുമായുള്ള എല്ലാ സാമ്പത്തിക സഹകരണങ്ങളും നിര്‍ത്തി വെക്കുക, സാമ്പത്തിക ബന്ധങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്തുക, കമ്പനികളില്‍ നിന്ന് ഓഹരികള്‍ പൂര്‍ണമായി പിന്‍വലിക്കുക, ഫലസ്തീന്‍ മേഖലകളില്‍ വീണ്ടും നിക്ഷേപിക്കുക എന്നിവയാണവ. 

Tags:    
News Summary - Cambridge University students relaunch Palestine encampment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.