മോസ്കോ: യു.എസ് ബാസ്കറ്റ്ബാൾ താരം ബ്രിട്നി ഗ്രൈനറെ റഷ്യ മോചിപ്പിക്കുന്നതിന് വഴിയൊരുക്കിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനും നടത്തിയ മധ്യസ്ഥ ശ്രമം.
അമേരിക്ക തടവിലാക്കിയ റഷ്യൻ ആയുധവ്യാപാരി വിക്ടർ ബൗട്ടിന് പകരമായാണ് ഗ്രൈനറെ വിട്ടയച്ചത്. അതേസമയം, മരണത്തിന്റെ വ്യാപാരി എന്നറിയപ്പെടുന്ന വിക്ടർ ബൗട്ടിനെ വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗ്രൈനർ മോസ്കോ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പിടിയിലായത്. രണ്ടു തവണ ഒളിമ്പിക്സ് മെഡൽ നേടിയ ബ്രിട്നി ഗ്രൈനർക്ക് റഷ്യൻ കോടതി ഒമ്പത് വർഷം തടവുശിക്ഷയാണ് വിധിച്ചിരുന്നത്. അമേരിക്കൻ ജയിലിൽ 12 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട് കഴിയുകയായിരുന്നു വിക്ടർ ബൗട്ട്.
ഇരുവരെയും സ്വകാര്യ വിമാനത്തിൽ അബൂദബി വിമാനത്താവളത്തിൽ എത്തിച്ച ശേഷമാണ് മോസ്കോയിലേക്കും വാഷിങ്ടണിലേക്കും കൊണ്ടുപോയത്. മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ നയതന്ത്ര ചർച്ചയാണ് ഫലപ്രാപ്തിയിലെത്തിയത്. ഗ്രൈനർ സുഖമായിരിക്കുന്നുവെന്നും ഇപ്പോൾ അവർക്ക് സ്വകാര്യതയും സമാധാനവുമാണ് ആവശ്യമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.