ലണ്ടൻ: ശാരീരിക ഭിന്നശേഷിയുള്ള ആദ്യ ബഹിരാകാശ യാത്രികനാകാനുള്ള ചരിത്രനേട്ടത്തിനരികിലാണ് ബ്രിട്ടീഷ് പാരാലിമ്പ്യനും ഓർത്തോപീഡിക് സർജനുമായ ജോൺ മക്ഫോൾ. അമേരിക്കൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ വാസ്റ്റ് വികസിപ്പിക്കുന്ന ‘ഹേവൻ-1’ വാണിജ്യ ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തും.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ESA) റിസർവ് ആസ്ട്രോണോട്ട് സംഘാംഗമായ മക്ഫോൾ കഴിഞ്ഞ വർഷം തന്നെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ മെഡിക്കൽ യോഗ്യത നേടിയിരുന്നു. ഹേവൻ-1 ബഹിരാകാശ നിലയം 2027ൽ വിക്ഷേപിക്കാനാണ് പദ്ധതി. അതിന് പിന്നാലെ രണ്ടാഴ്ച നീളുന്ന പരീക്ഷണ ദൗത്യത്തിൽ അദ്ദേഹം പങ്കെടുക്കാൻ സാധ്യതയുണ്ട്.
45കാരനായ മക്ഫോൾക്ക് 19ാം വയസ്സിൽ ഉണ്ടായ മോട്ടോർസൈക്കിൾ അപകടത്തിൽ വലതുകാൽ നഷ്ടമായി. പിന്നീട് കായികരംഗത്തേക്ക് തിരിച്ചെത്തിയ അദ്ദേഹം 2008ലെ ബെയ്ജിങ് പാരാലിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടി. തുടർന്ന് ഓർത്തോപീഡിക് സർജനായി പ്രവർത്തിച്ച അദ്ദേഹം 2022ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രത്യേക ‘ഫ്ലൈ’ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ബഹിരാകാശ സാഹചര്യങ്ങൾ മനുഷ്യശരീരത്തെയും ആധുനിക കൃത്രിമകാലുകളെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് ദൗത്യത്തിന്റെ പ്രധാന ഗവേഷണവിഷയം. ഇത്തരം പഠനങ്ങൾ കൂടുതൽ ഭാരം കുറഞ്ഞതും കാര്യക്ഷമവുമായ കൃത്രിമ അവയവങ്ങളുടെ വികസനത്തിനും അസ്ഥിക്ഷയം, പേശിക്ഷയം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിനും സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഇത് വെറും പ്രതീകാത്മക ദൗത്യമാകരുതെന്നും ശാസ്ത്രീയമായി മൂല്യമുള്ള സംഭാവന നൽകുകയാണ് തന്റെ ലക്ഷ്യമെന്നും മക്ഫോൾ വ്യക്തമാക്കി. ഭിന്നശേഷിയുള്ളവർക്കും ബഹിരാകാശ യാത്രികരാകാൻ കഴിയുമെന്ന സന്ദേശം ലോകത്തിന് നൽകുന്നതിൽ ഈ ദൗത്യം നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.