84 വർഷം ഒരുമിച്ച് ജീവിച്ച് ഗിന്നസ് വേൾഡ് റെക്കോഡ് നേടിയ മരിയയും മനോയലും
സാവോപോളോ: ദൂരത്തിനും കാലത്തിനും അതീതമായി മനുഷ്യരെ ബന്ധിപ്പിച്ചു നിർത്തുന്ന നൂലാണ് സ്നേഹം. സ്നേഹത്തിന് ഉപാധികളില്ല എന്നാണ് പറയാറുള്ളത്. 84 വർഷം ഒരുമിച്ച് ജീവിച്ച് ലോകറെക്കോഡ് ഭേദിച്ച ബ്രസീലിയൻ ദമ്പതികൾ പറയുന്നതും അതുതന്നെയാണ്.
1940 ലാണ് മനോയലും മരിയ ദിനോയും വിവാഹിതരായത്. ഇന്നത്തേതിൽ നിന്ന് വളരെ വ്യത്യസ്തമായ ബ്രസീലായിരുന്നു അത്. അന്ന് ഒരു ഫിഫ വേൾഡ് കപ്പ് പോലും ബ്രസീൽ നേടിയിട്ടുണ്ടായിരുന്നില്ല. ഇലക്ട്രോണിക് കംപ്യൂട്ടർ പോലും കണ്ടുപിടിക്കാത്ത കാലം.
1936ൽ പരമ്പരാഗത ബ്രസീലിയൻ മിഠായിയായ റപ്പാദുരാസ് കയറ്റുമതി ചെയ്യാൻ മനോയൽ ബോവ വിയാഗെമിലെ അൽമേഡ മേഖലയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് ആദ്യമായി ഇരുവരും കണ്ടുമുട്ടി. എന്നാൽ ആദ്യ കൂടിക്കാഴ്ചയിൽ അവർക്ക് പ്രണയമൊന്നും തോന്നിയില്ല. കുറച്ചു വർഷങ്ങൾ കഴിഞ്ഞ് വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് മരിയയാണ് തന്റെ സോൾ മേറ്റെന്ന് മനോയൽ ഉറപ്പിച്ചത്. അതോടെ പ്രണയം തുറന്നു പറയാൻ മനോയൽ തീരുമാനിച്ചു. മരിയക്ക് യെസ് പറയാൻ ആലോചിക്കേണ്ടി പോലും വന്നില്ല. മരിയയുടെ ആ മറുപടി ഒരായുഷ്‍കാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രണയബന്ധത്തിന് തുടക്കം കുറിക്കുകയായിരുന്നു.
ആദ്യമൊന്നും ഈ ബന്ധത്തോട് മരിയയുടെ അമ്മക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ മകൾക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല പങ്കാളിയാണ് താനെന്ന് മനോയൽ തെളിയിച്ചു. അവർക്ക് വേണ്ടി ആദ്യം ആ യുവാവ് ഒരു വീട് പണികഴിപ്പിച്ചു. 1940 ൽ കുടുംബത്തിന്റെ പൂർണ സമ്മതത്തോടെ ഇരുവരും വിവാഹിതരായി.
13 മക്കളാണ് ദമ്പതികൾക്ക്. 55 പേരക്കുട്ടികളും. പേരക്കുട്ടികൾക്ക് എല്ലാവർക്കുമായി 54 കുട്ടികളുമുണ്ട്. അവരുടെ 12 കുഞ്ഞുങ്ങൾ കൂടി ചേർന്നതോടെ കുടുംബത്തിന്റെ വേരങ്ങ് പടർന്നു പന്തലിച്ചു.
മനോയലിന് 105 വയസുണ്ട്. മരിയക്ക് 101 ഉം. പ്രായമായതോടെ വിശ്രമത്തിലാണ് രണ്ടുപേരും. തുടക്കത്തിൽ പറഞ്ഞതുപോലെ കാലത്തെ പോലും അതിജീവിപ്പിക്കുന്ന പ്രണയമാണ് തങ്ങളെ ഇക്കാലമത്രയും ബന്ധിപ്പിച്ചു നിർത്തിയതെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. ലോകത്ത് ജീവിക്കുന്നവരിൽ ഏറ്റവും കൂടുതൽ കാലം ഒരുമിച്ചു ജീവിച്ച ദമ്പതികൾ എന്ന ഗിന്നസ് റെക്കോഡ് ഇനി ഇവരുടെ പേരിലാണ്.
നിലവിൽ ഡേവിഡ് ജേക്കബ് ഹിറ്റ്ലർ, സാറ ദമ്പതികളാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരുമിച്ച് ജീവിച്ചത്. 88 വർഷവും 349 ദിവസവുമാണ് ഒരുമിച്ചു കഴിഞ്ഞത്. 1898ൽ സാറ അന്തരിച്ചതോടെ ആ സ്നേഹബന്ധത്തിന് താൽകാലിക വിരാമമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.