(Photo: REUTERS)
ബ്രസീലിയ: ബ്രസീലിൽ കലാപം നടത്തിയ മുൻ പ്രസിഡന്റ് ബൊൽസനാരോക്ക് എതിരെയും പ്രസിഡന്റ് ലൂല ഡിസിൽവക്ക് പിന്തുണ പ്രഖ്യാപിച്ചും ലോക രാജ്യങ്ങൾ രംഗത്തുണ്ട്. ബ്രസീലിലെ ജനാധിപത്യ സ്ഥാപനങ്ങൾക്കുനേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ബ്രസീലിൽ നടന്നത് ജനാധിപത്യത്തിനുനേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് സെക്രട്ടറി ജനറൽ ലൂയിസ് അൽമാർഗോ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രെസ് മാനുവൽ ലോപസ് ഒബ്രദോർ, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക്, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ, അർജന്റീനൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ്, വെനസ്വേലൻ പ്രസിഡന്റ് നികളസ് മദൂറോ, ഇക്വഡോർ പ്രസിഡന്റ് ഗ്വില്ലെർമോ ലാസോ, ബൊളീവിയൻ പ്രസിഡന്റ് ലൂയിസ് ആർസെ, പരാഗ്വ പ്രസിഡന്റ് മാരിറ്റോ അബ്ദോ ബെനിറ്റസ്, ക്യൂബൻ പ്രസിഡന്റ് മിഗ്വെൽ ഡയാസ് കാനെൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, തുടങ്ങിയവർ അപലപിച്ചു.
ഫാഷിസ്റ്റ് ഭ്രാന്തന്മാരുടെ വിളയാട്ടമാണ് ബോൽസൊനാരോയുടെ പിന്തുണയോടെ രാജ്യത്ത് നടക്കുന്നതെന്ന് സാവോ പോളോയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് ലുല പറഞ്ഞു. രാജ്യത്ത് മുമ്പ് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് നടന്നതെന്നും അക്രമികൾ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ലുല അധികാരമേൽക്കുന്നതിന് മുമ്പ് യു.എസിലെ ഫ്ലോറിഡയിലേക്ക് പോയ ബോൽസൊനാരോ സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഭരണഅട്ടിമറി ലക്ഷ്യമിട്ട് തീവ്ര വലതുപക്ഷ നേതാവായ മുൻ പ്രസിഡന്റ് ജെയർ ബോൽസൊനാരോയുടെ അനുയായികൾ പാർലമെന്റും സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും കൈയേറുകയായിരുന്നു. പുതിയ പ്രസിഡന്റ് ഇനാസിയോ ലൂലാ ഡ സിൽവ അധികാരമേറ്റ് ഒരാഴ്ചക്കുശേഷമാണ് പരാജയപ്പെട്ട പ്രസിഡന്റ് സ്ഥാനാർഥി ബോൽസൊനാരോയുടെ ആശീർവാദത്തോടെയാണ് രാജ്യതലസ്ഥാനത്ത് അപ്രതീക്ഷിത നീക്കമുണ്ടായത്. പ്രകടനമായെത്തിയ ആയിരക്കണക്കിന് ബോൽസൊനാരോ അനുകൂലികൾ സുരക്ഷ ബാരിക്കേഡുകൾ മറികടന്ന് മൂന്നു കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ കയറിപ്പറ്റി.
കെട്ടിടങ്ങളുടെ ജനാലകളും ഉപകരണങ്ങളും തല്ലിത്തകർത്ത അക്രമികൾ കോടതിക്കും ഗുരുതരനാശമുണ്ടാക്കി. സൈന്യം ഇടപെട്ട് ബോൽസൊനാരോയെ അധികാരത്തിൽ പുനഃസ്ഥാപിക്കണമെന്നും ലുലയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കെട്ടിടങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കാൻ പൊലീസ് കണ്ണീർ വാതകമുൾപ്പെടെ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ സ്ഥിതി ഇനിയും നിയന്ത്രണവിധേയമാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ 300 പേരെ അറസ്റ്റ് ചെയ്തതായി ഫെഡറൽ ഡിസ്ട്രിക്ട് സിവിൽ പൊലീസ് ട്വിറ്ററിൽ അറിയിച്ചു.
2021 ജനുവരി ആറിന് ഡോണൾഡ് ട്രംപിന്റെ അനുയായികൾ യു.എസ് കാപിറ്റലിനു നേരെ നടത്തിയ ആക്രമണത്തിന് സമാനമാണ് ബ്രസീലിലുണ്ടായതെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. തന്റെ പരാജയം അംഗീകരിക്കാതിരുന്ന ബോൽസൊനാരോ ഇലക്ട്രോണിക് വോട്ടിങ് സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിൽ അട്ടിമറി നീക്കമുണ്ടാകുമെന്ന മുന്നറിയിപ്പ് പലകോണുകളിൽനിന്നുമുയർന്നിരുന്നു. എന്നാൽ പൊലീസ് ഇത് ഗൗരവമായി കണക്കാക്കാതിരുന്നതെന്തെന്ന ചോദ്യമാണ് രാജ്യത്തുയരുന്നത്. അട്ടിമറിക്ക് പൊലീസ് കൂട്ടുനിൽക്കുകയാണെന്നും ആരോപണമുണ്ട്. അക്രമകാരികൾ പ്രധാന മന്ദിരങ്ങൾ കൈയേറുമ്പോൾ പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.