ബ്രസീലിൽ കൊറോണക്ക് പുതിയൊരു വകഭേദം കൂടി കണ്ടെത്തി; ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് സമാനം, വാക്സിനുകൾക്ക് വെല്ലുവിളി

സാവോ പോളോ: കൊറോണ വൈറസിന്‍റെ മറ്റൊരു ജനിതക വകഭേദം ബ്രസീലിൽ കണ്ടെത്തി. സാവോ പോളോ സംസ്ഥാനത്താണ് ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് സമാനമായ പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത്. എന്നാൽ, പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട വ്യക്തി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര നടത്തുകയോ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരുമായി സമ്പർക്കത്തിലാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് ജനിതക വകഭേദങ്ങളിൽ ആരോഗ്യമേഖലക്ക് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്നത് ദക്ഷിണാഫ്രിക്കൻ വകഭേദമാണ്. നിലവിലെ വാക്സിനുകൾ ഈ വൈറസിനെ നേരിടാൻ എത്രത്തോളം ഫലപ്രദമാണ് എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.

ചൈനയിൽ തുടക്കത്തിൽ കണ്ടെത്തിയ വൈറസിന് പുറമേ ബ്രസീലിൽ പിന്നീട് മറ്റൊരു വകഭേദം കണ്ടെത്തിയിരുന്നു. അതിവേഗത്തിൽ ഈ വൈറസ് വ്യാപിക്കുന്നതിനിടെയാണ് ആരോഗ്യമേഖലക്ക് വെല്ലുവിളിയായി പുതിയ വകഭേദം കൂടി റിപ്പോർട്ട് ചെയ്തത്. ഈ വൈറസിന് മ്യൂട്ടേഷൻ സംഭവിച്ച് പുതിയ ഘടനയിലേക്ക് എത്തിയതാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വൈറസ് കനത്ത ആഘാതം വിതച്ച രാഷ്ട്രങ്ങളിലൊന്നാണ് ലാറ്റിനമേരിക്കൻ രാഷ്ട്രമായ ബ്രസീൽ. ഏറ്റവും കൂടുതൽ രോഗികളും, മരണവുമുള്ള ലോകത്തെ രണ്ടാമത്തെ രാഷ്ട്രമാണ് ബ്രസീൽ. 1,27,53,258 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 3,21,886 പേർ മരിക്കുകയും ചെയ്തു. ഇന്നലെ മാത്രം 89,200 പേർക്ക് പുതിയതായി വൈറസ് ബാധിക്കുകയും 3950 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Brazil detects new coronavirus variant similar to South African

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.