ഡോണൾഡ് ട്രംപ്

‘ഞാൻ കൊല്ലപ്പെട്ടാൽ ഇറാൻ ബാക്കിയുണ്ടാകില്ല’: തിരിച്ചടിക്കായി ആയിരം മിസൈലുകൾ അയക്കാൻ മുൻകൂട്ടി നിർദേശം നൽകിയെന്ന് ട്രംപ്

വാഷിങ്ടൺ: താൻ കൊല്ലപ്പെടുകയാണെങ്കിൽ ഇറാനെതിരെ ബോംബാക്രമണം നടത്താൻ ഉദ്യോഗസ്ഥർക്ക് മുൻകൂറായി നിർദേശം നൽകിയിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ സൈനിക ഏറ്റുമുട്ടലുകളും വധശ്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ഇറാ​ന്റെ 'ഹിറ്റ് ലിസ്റ്റിൽ' താൻ ഒന്നാമതായി ഉൾപ്പെടുത്തിയിട്ട് കാലങ്ങളായെന്നും, ഇതിനെ നേരിടാൻ രാജ്യം സജ്ജമാണെന്നും ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.

തനിക്കെതിരെ വധശ്രമം നടത്തിയാൽ ഇറാനെതിരെ ആയിരക്കണക്കിന് മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. അതിനായി ആയിരം മിസൈലുകൾ ഇതിനകം തന്നെ ലോക്ക് ചെയ്ത് ലോഡ് ചെയ്തിട്ടുണ്ടെന്നും അതിന് പിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ കൂടി അയക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഒരു വർഷത്തേക്ക് ഈ ഉത്തരവ് നിലനിൽക്കുമെന്നും ആവശ്യമെങ്കിൽ ഇത് നീട്ടുകയും ചെയ്യാമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ, ട്രംപിന്റെ ഈ നിർദേശങ്ങളുടെ നിയമസാധുതയെക്കുറിച്ച് ഭരണഘടനാ വിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ മരണശേഷം സൈനിക അധികാരം ഉടൻ തന്നെ അദ്ദേഹത്തിന്റെ പിൻഗാമിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നതിനാൽ നേരത്തേ നിർദേശം നൽകാൻ സാധിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ട്രംപിനെ വധിക്കാൻ ഇറാൻ അടുത്തിടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ ഇന്റലിജൻസ് യു.എസിന് മുന്നറിയിപ്പ് നൽകിയതായി 'ദ വാൾ സ്ട്രീറ്റ് ജേണൽ' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാദത്തെ ട്രംപ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ നിന്ന് അത്തരമൊരു വിവരവും ലഭിച്ചിട്ടില്ലെന്നും താൻ വളരെക്കാലമായി ഇറാന്റെ പ്രധാന ലക്ഷ്യമാണെന്നും ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം തന്റെ ജീവന് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം വിജയിക്കുകയാണെങ്കിൽ, ഇറാൻ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് ആവർത്തിച്ചു. ഇതാദ്യമായല്ല താൻ ഇറാന്റെ പ്രധാന ലക്ഷ്യമാണെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ വൻ തിരിച്ചടിയുണ്ടാകുമെന്നും ട്രംപ് പരസ്യമായി പ്രഖ്യാപിക്കുന്നത്. 2025 ജനുവരിയിൽ, തന്നെ കൊല്ലാൻ ശ്രമിച്ചാൽ ഇറാന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഒരു പ്രസിഡന്റ് മരണപ്പെട്ടാൽ സൈനിക നടപടികൾക്ക് അനുമതി നൽകാൻ അദ്ദേഹത്തിന് കഴിയില്ല. കാരണം പ്രസിഡന്റ് മരണപ്പെട്ട ഉടൻ തന്നെ സൈനിക കമാൻഡ് അധികാരം ഭരണഘടനാപരമായ പിൻഗാമിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും, അദ്ദേഹം പുതിയ കമാൻഡർ ഇൻ ചീഫായി മാറുകയും ചെയ്യും. അതിനാൽ മരണശേഷം ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ട്രംപിന് നിയമപരമായി സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാരച്ചടങ്ങിന് ശേഷം ഇറാനിൽ ട്രംപിനെതിരായ പ്രതിഷേധം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. മശ്ഹദിലെ ഇമാം റെസയിൽ നടന്ന ചടങ്ങിൽ ഒത്തുചേർന്ന കോടിക്കണക്കിന് ജനങ്ങൾ പ്രകടനത്തിനിടെ ട്രംപിനെ കൊല്ലുമെന്നും ഖാംനഈയുടെ രക്തത്തിന് പകരം ചോദിക്കുമെന്നും മുദ്രാവാക്യം ഉയർത്തിയിരുന്നു.

ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ വധത്തിന് ശേഷമാണ് ട്രംപ് ഇറാന്റെ പ്രഖ്യാപിത ശത്രുവായി മാറിയത്. 2020-ൽ ട്രംപിന്റെ ഉത്തരവ് പ്രകാരം ഡ്രോൺ ആക്രമണത്തിൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ ട്രംപിനെ കൊല്ലാൻ ശ്രമിച്ചേക്കാമെന്ന് യു.എസ് സർക്കാർ വളരെക്കാലമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ പലതവണ താൻ ഇറാന്റെ 'ഹിറ്റ് ലിസ്റ്റിൽ' ഒന്നാമതായിരുന്നുവെന്നും ഇത്രകാലം ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ട്രംപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

അടുത്തിടെ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് അദ്ദേഹം തന്റെ യാത്രാപദ്ധതികളിൽ പോലും മാറ്റം വരുത്തിയിരുന്നു.അതേസമയം, സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ ചർച്ചകൾക്കായി ശ്രമിക്കുന്നതിനിടെയാണ് ഇത്തരം ഭീഷണികളും തിരിച്ചടിക്കുള്ള മുന്നറിയിപ്പുകളും വീണ്ടും ഉയരുന്നത്.

Tags:    
News Summary - "Bomb Them": Trump Says He's Left Instructions If Iran Assassinates Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.