‘ഇന്ത്യയിലേത് ട്രംപിന്റെ നടപടികൾക്ക് സമാനം’; എസ്.ഐ.ആർ സമരത്തെ പിന്തുണച്ച് യു.എസ് കോൺഗ്രസ് അംഗം
ന്യൂയോർക് : വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണത്തിലൂടെ 13.3 കോടി പേരെ പട്ടികയിൽനിന്ന് നീക്കിയത്തിൽ ആശങ്കയറിയിച്ച് അമേരിക്കൻ കോൺഗ്രസ് അംഗം പ്രമീള ജയപാൽ. ഇന്ത്യയിലെ നടപടികൾ അമേരിക്കയിൽ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നീക്കങ്ങൾക്ക് സമാനമാണെന്ന് അവർ ആരോപിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനായി ഇന്ത്യയിൽ പ്രതിഷേധിക്കുന്നവർക്കും യുവജന പ്രവർത്തകർക്കും പിന്തുണയും പ്രഖ്യാപിച്ചു.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ ഇത്രയധികം പേരെ വോട്ടർപട്ടികയിൽനിന്ന് നീക്കിയെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് പ്രമീള ജയപാൽ എക്സിൽ കുറിച്ചു. ജനാധിപത്യത്തിലെ വോട്ടവകാശത്തെ ദുർബലപ്പെടുത്തുന്ന നടപടികളാണ് ഇന്ത്യയിലും അമേരിക്കയിലും നടക്കുന്നതെന്നും ഇവർ വിമർശിച്ചു. ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും ജനാധിപത്യ സംരക്ഷണത്തിനായി സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങൾ മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യുവജന പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും നടത്തുന്ന പ്രതിഷേധങ്ങൾക്ക് പ്രമീള ജയ്പാൽ പൂർണ പിന്തുണ അറിയിച്ചു. വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തതിലൂടെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലിംകൾ, എന്നിവരെ ആനുപാതികമല്ലാത്ത രീതിയിൽ ബാധിക്കപ്പെടുമെന്നാണ് വിമർശകർ പറയുന്നത്. പശ്ചിമ ബംഗാളിൽ 2026 ഏപ്രിലോടെ 91 ലക്ഷത്തിലധികം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ 27 ലക്ഷം പേർ അപ്പീൽ നൽകിയിട്ടും പട്ടികക്ക് പുറത്താണെന്നാണ് റിപ്പോർട്ട്. നന്ദിഗ്രാമിലെ ചില പട്ടികകളിൽ നീക്കം ചെയ്യപ്പെട്ടവരിൽ 95 ശതമാനവും മുസ്ലിംകളായിരുന്നുവെന്നും കണക്കുകൾ പറയുന്നു.
ജന്തർമന്തറിൽ നടത്തിയ നാടകീയമായ സമരത്തെത്തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ ഉൾപ്പെടെ നിരവധി പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ട് നേതാക്കളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.