എയർ ഫ്രാൻസ് വിമാനം
ഫ്ലൈ ദുബൈ ആക്രമണം; ഇസ്രായേൽ സർവീസുകളിൽ പാക് ജീവനക്കാർക്ക് വിലക്കുമായി എയർ ഫ്രാൻസ്
പാരീസ്: ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിൽ പാകിസ്താൻ പൈലറ്റുമാർക്കും ജീവനക്കാർക്കും വിലക്കേർപ്പെടുത്തി പ്രമുഖ രാജ്യാന്തര വിമാനക്കമ്പനിയായ എയർ ഫ്രാൻസ്. തങ്ങളുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരത്വമുള്ള ജീവനക്കാർക്ക് ഇസ്രായേൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എയർ ഫ്രാൻസ് എയർലൈൻസിന്റെ നടപടി. എയർ ഫ്രാൻസിന് പുറമെ അമേരിക്കൻ വിമാനക്കമ്പനിയായ യുനൈറ്റഡ് എയർലൈൻസും, ചെക്ക് റിപ്പബ്ലിക്കിലെ സ്മാർട്ട്വിങ്സും പാക് ജീവനക്കാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
2026 സെപ്റ്റംബർ 30ന് ഫ്ലൈ ദുബൈ വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കിയത്.
ഇസ്രായേൽ ഗതാഗത മന്ത്രാലയം നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കഴിഞ്ഞ ചൊവ്വാഴ്ച എത്യോപ്യൻ എയർലൈൻസ് വിമാനം വഴിതിരിച്ചുവിട്ടിരുന്നു. വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യാത്രാമധ്യേ വിമാനം തിരിച്ചയക്കാൻ ഇസ്രായേൽ അധികൃതർ ഉത്തരവിടുകയായിരുന്നു. ഇന്തോനേഷ്യയും ഇസ്രായേലും ഔദ്യോഗിക നയതന്ത്ര ബന്ധം നിലനിൽക്കുന്നില്ലാത്തതിനാലാണ് നടപടി.
അഡിസ് അബാബയിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിന് എത്യോപ്യൻ വ്യോമാതിർത്തിയിൽ വെച്ചാണ് ഉത്തരവ് ലഭിച്ചത്. തുടർന്ന് തലസ്ഥാനമായ അഡിസ് അബാബയിൽ തിരിച്ചിറക്കി പൈലറ്റിനെ മാറ്റിയ ശേഷമാണ് വിമാനം ടെൽ അവീവിലേക്ക് വീണ്ടും പറന്നത്. ഇന്തോനേഷ്യക്ക് ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ല. സംഭവം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന് എത്യോപ്യൻ എയർലൈൻസ് വ്യക്തമാക്കി.
പാകിസ്താൻ, ഇറാൻ, ഒമാൻ, സൗദി അറേബ്യ, അൾജീരിയ, ടുണീഷ്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഇറാഖ്, ലെബനൻ, നൈജർ തുടങ്ങിയ 31 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരൻമാരായ ജീവനക്കാർക്കാണ് നെതന്യാഹു ഭരണകൂടം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇരട്ട പൗരത്വമുള്ളവർക്കും (Dual Citizenship) ഈ വിലക്ക് ബാധകമായിരിക്കും. ഇരട്ട പൗരത്വമുള്ള ജീവനക്കാർ അത് വെളിപ്പെടുത്തണമെന്ന് എയർ ഫ്രാൻസ് നിർദ്ദേശിച്ചിട്ടുണ്ട്. 2026 സെപ്റ്റംബർ 30ന് ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ FZ1073 (ബോയിങ് 737 MAX 8) വിമാനത്തിലുണ്ടായ ആക്രമണമാണ് വിലക്കിന് പിന്നിലെ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.