ഇറാൻ യുദ്ധം വൈകാതെ അവസാനിക്കുമെന്ന് ട്രംപ്; ഹുർമുസിൽ വീണ്ടും കപ്പൽ ആക്രമണം
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ഹുർമുസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതിനിടയിലാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവന. കപ്പലുകൾക്ക് നേരെ തുടരുന്ന ആക്രമണങ്ങൾ സമുദ്രസുരക്ഷയിലും ആഗോള ഊർജവിതരണത്തിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം അമേരിക്കയുടെ കൈയിലാണെന്നും ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ നഷ്ടപ്പെട്ടെന്നും ട്രംപ് അവകാശപ്പെട്ടു.
അരിസോണയിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പുണ്ടായിരുന്ന ഇറാന്റെ നേതാക്കളെല്ലാം ഇല്ലാതായെന്നും പകരം ചുമതലയേറ്റ നേതൃത്വത്തിലെ പകുതിയോളം പേരും ഇല്ലാതായെന്നുമാണ് ട്രംപ് പറയുന്നത്. ഇറാന്റെ നേതാക്കൾ തങ്ങളുടെ നേതൃത്വത്തെ ഇനിയും ലക്ഷ്യമിടരുതെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെടുന്നു.
അതേ സമയം ഇറാൻ നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തെഹ്റാനുമായുള്ള ചർച്ചകളെ സങ്കീർണമാക്കിയെന്നും ട്രംപ് സമ്മതിച്ചു. 'ഒരുപക്ഷേ ഞാൻ അൽപം അതിരുകടന്നുപോയി. ഇനി ആരോടാണ് സംസാരിക്കുന്നതെന്ന് പോലും അറിയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹുർമുസിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയായിരിക്കുകയാണ്. കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കക്കാണെന്ന ട്രംപിന്റെ അവകാശവാദങ്ങളും ഇറാന്റെ സൈനികശേഷിക്ക് സംഭവിച്ച നാശത്തിന്റെ വ്യാപ്തിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നത് മറ്റൊരു യാഥാർഥ്യം.
യുദ്ധം ഇന്ധനവിലയെ ബാധിച്ചുവെന്നും ഇത് അവസാനിക്കുന്നതോടെ ഇന്ധനവില ഉടൻ കുറയുമെന്നുമാണ് ട്രംപ് പറയുന്നത്. പെട്രോൾ വില ഉയരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇത്രത്തോളം ഉയരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ പ്രധാന വാണിജ്യ പാതകളിലൊന്നായ ഹുർമുസിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുന്നതും ആക്രമണങ്ങൾ തുടരുന്നതും ആഗോള ഊർജവിപണിയിൽ അനിശ്ചിതത്വം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും ആക്രമണങ്ങൾ ശക്തമാകുന്നത് സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ എത്രത്തോളം വെല്ലുവിളി നേരിടുന്നുവെന്നതിന്റെ സൂചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.