റഷ്യയുമായി ഇന്ധന കരാർ: ട്രംപ് തന്നെ വഞ്ചിച്ചെന്ന് സെലൻസ്കി
കിയവ്: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഊർജ്ജ വില പിടിച്ചുനിർത്താൻ റഷ്യയുമായി കരാറിലേർപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയെ വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി. ട്രംപ് ഭരണകൂടം തങ്ങളെ പിന്നിൽ നിന്ന് കുത്തുകയാണെന്നും റഷ്യൻ പക്ഷം ചേർന്ന് തന്നെ വഞ്ചിക്കുകയാണെന്നും സെലൻസ്കി തുറന്നടിച്ചു.
ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് യു.എസ് തീരുമാനത്തിനെതിരെ സെലൻസ്കി കടുത്ത അമർഷം രേഖപ്പെടുത്തിയത്. ട്രംപിൽ നിന്ന് യുക്രെയ്ന് വഞ്ചന നേരിടേണ്ടി വന്നോ എന്ന ചോദ്യത്തിന് "അതെ" എന്ന് മറുപടി നൽകിയ അദ്ദേഹം, ഈ കരാർ ക്രെംലിന് ലഭിച്ച ലളിതമായ വിജയമാണെന്നും വിശേഷിപ്പിച്ചു. റഷ്യയുമായി ബിസിനസ്സ് ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ട്രംപിന്റെ താല്പര്യത്തെയും വ്ലാദിമിർ പുടിനോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെയും യുക്രെയ്ൻ പ്രസിഡന്റ് അപലപിച്ചു.
റഷ്യൻ റിഫൈനറികൾക്ക് നേരെ നടത്തുന്ന ആക്രമണം നിർത്തിവെച്ചില്ലെങ്കിൽ യുക്രെയ്ന് നൽകുന്ന ഇന്റലിജൻസ് വിവരങ്ങളും സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങളും തടയുമെന്ന് അമേരിക്ക നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുമായുള്ള അമേരിക്കയുടെ ഇന്ധന കരാർ വാർത്തകൾ പുറത്തുവരുന്നത്. യുക്രെയിന്റെ സൈനിക പ്രതിരോധത്തിന് നിർണായകമായ ഉപഗ്രഹ വിവരങ്ങളും മിസൈൽ മുന്നറിയിപ്പുകളും അമേരിക്ക മനഃപൂർവം നിഷേധിക്കുകയാണെന്ന് കിയവ് ആരോപിച്ചു.
അമേരിക്കയിൽ നിന്ന് സഹായങ്ങൾ നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ, റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ഏർപ്പെടുത്തിയിരുന്ന ആക്രമണ വിലക്ക് യുക്രെയ്ൻ പിൻവലിച്ചു. റഷ്യൻ റിഫൈനറികൾക്ക് നേരെ വീണ്ടും ശക്തമായ വ്യോമാക്രമണം ആരംഭിക്കുമെന്ന് ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ സെലൻസ്കി വ്യക്തമാക്കി. അമേരിക്കൻ നിലപാടിലെ മാറ്റങ്ങൾ യുദ്ധമുഖത്ത് യുക്രെയ്ന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ അമേരിക്കയുമായുള്ള ബന്ധം തകർച്ചയിലായതോടെ യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് സെലെൻസ്കി. യു.കെ പ്രധാനമന്ത്രി ആൻഡി ബേൺഹാമുമായും ചാൾസ് രാജാവുമായും അദ്ദേഹം ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. യുക്രെയ്നിലുടനീളം റഷ്യ നടത്തിയ ആക്രമണങ്ങളിൽ 6 ലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതി നിലച്ച പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ചകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.