കിൻഷാസ: കോംഗോയിൽ എബോള ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു. ഇറ്റൂരി പ്രവിശ്യയിലെ റാംപാര നഗരത്തിൽ വ്യാഴാഴ്ചയാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. ആരോഗ്യപ്രവർത്തകർക്കും എബോള പ്രതിരോധ പ്രവർത്തനങ്ങൾക്കുമെതിരെ പ്രദേശവാസികൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത അവിശ്വാസമാണ് അക്രമത്തിൽ കലാശിച്ചത്.
എബോള ബാധിച്ച് മരിച്ച പ്രാദേശിക ഫുട്ബോൾ കളിക്കാരന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ അധികൃതർ വിസമ്മതിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. എബോള ബാധിതരുടെ മൃതദേഹങ്ങളിൽ നിന്ന് രോഗം പടരാൻ വലിയ സാധ്യതയുള്ളതിനാൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സംസ്കാരം നടത്താവൂ എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രിയപ്പെട്ടവന് അവസാന കർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു കൂട്ടം യുവാക്കൾ കേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.
അക്രമികൾ കെട്ടിടവും രോഗികൾക്കായുള്ള ടെന്റുകളും തല്ലിത്തകർത്ത് തീയിട്ടു. സംസ്കരിക്കാൻ വെച്ചിരുന്ന ഒരു മൃതദേഹവും ടെന്റുകൾക്കൊപ്പം പൂർണ്ണമായി കത്തിയമർന്നു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചും ആകാശത്തേക്ക് വെടിയുതിർത്തും സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അക്രമികളെ തടയാനായില്ല. ആക്രമണം ഭയന്ന് സന്നദ്ധപ്രവർത്തകർ വാഹനങ്ങളിൽ അവിടെനിന്നും രക്ഷപ്പെട്ടു. കേന്ദ്രത്തിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.